രാജസ്ഥാൻ: രാജസ്ഥാനിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം വീണ്ടും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാജസ്ഥാനിലെ സർക്കാർ ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്തതെന്നാണ് പുതിയ പരാതി. തോഡഭീമിലെ ജലവിതരണ വകുപ്പ് ഓഫീസിൽ കാഷ്യറായി ജോലി ചെയ്യുന്ന വസീർപൂർ സ്വദേശിയായ സുനിൽ ജംഗിദ് (35) ആണ് 17 കാരിയെ പീഡിപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ പദ്ധതി പ്രകാരം സൗജന്യമായി മൊബൈൽ ഫോൺ നൽകാമെന്ന് പറഞ്ഞായിരുന്നു ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. പ്രതിയെ ഗ്രാമവാസികൾ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു. നിലവിൽ ഇയാൾ ഒളിവിലാണെന്നാണ് വിവരം.
രാജസ്ഥാനിലെ കരൗലി ജില്ലയിലെ തോഡഭിം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഓഗസ്റ്റ് 10 ന് രാവിലെ 11 മണിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തി സംസ്ഥാന സർക്കാരിന്റെ പദ്ധതി പ്രകാരം മൊബൈൽ ഫോൺ സൗജന്യമായി നൽകാമെന്ന് പറഞ്ഞ് പ്രതി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഈ സമയം പെൺകുട്ടി തനിച്ചായിരുന്നു. കൂലിപ്പണിക്കാരായ അച്ഛനും അമ്മയും ജോലിക്ക് പോയതോടെയാണ് പെൺകുട്ടി വീട്ടിൽ തനിച്ചായത്. കുട്ടിയെ തോഡഭീമിൽ നിന്ന് നേരെ സുഹൃത്തിന്റെ മുറിയിലേക്ക് കൊണ്ടുപോയി അവിടെവെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടി നിലവിളിച്ചതോടെ പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തി. ശേഷം പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് ഓഫീസിലേക്ക് പോയി. വീട്ടിലെത്തിയ പെൺകുട്ടി സംഭവം വീട്ടുകാരെ അറിയിച്ചു.
തുടർന്ന് ഗ്രാമവാസികൾ ഓഫീസിലെത്തി പ്രതിയായ കാഷ്യറെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച ശേഷം വിട്ടയച്ചു. പിന്നീട് പിതാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിലവിൽ പ്രതി ഒളിവിലാണെന്നും, പ്രതിക്കായി തെരച്ചിൽ നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
Post Your Comments