പ്രധാനമന്ത്രി സ്കൂൾ ഫോർ റേസിംഗ് ഇന്ത്യ (പിഎം ശ്രീ) പദ്ധതിക്ക് കീഴിലേക്ക് കൂടുതൽ സ്കൂളുകളെ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ. ഇത്തവണ ലക്ഷദ്വീപ് ഉൾപ്പെടുന്ന കേരള മേഖലയിൽ 32 സ്കൂളുകൾക്കാണ് പിഎം ശ്രീ പദ്ധതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. അംഗീകാരം ലഭിച്ച ഓരോ സ്കൂളിലും വിവിധ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി 2.5 കോടി രൂപ വീതം കേന്ദ്രസർക്കാർ നൽകുന്നതാണ്. കേരളത്തിലെ 31 കേന്ദ്രീയ വിദ്യാലയങ്ങളും, ലക്ഷദ്വീപിലെ ഒരു കേന്ദ്രീയ വിദ്യാലയവുമാണ് പിഎം ശ്രീ പദ്ധതിയിൽ പുതുതായി ഉൾപ്പെടുത്തിയത്. അടുത്ത ഘട്ടത്തിൽ 4 സ്കൂളുകൾ കൂടി പരിഗണനയിലുണ്ട്.
ഘട്ടം ഘട്ടമായാണ് സ്കൂളുകൾക്ക് തുക അനുവദിക്കുന്നത്. ആദ്യ വർഷം 1.15 കോടി രൂപ ലഭിക്കുന്നതാണ്. തുടർന്ന് നാലര വർഷം കൊണ്ടാണ് സ്കൂളുകൾക്ക് 2.5 കോടി രൂപ മുഴുവനായി ലഭിക്കുക. അത്യാധുനിക സാങ്കേതികവിദ്യ, സ്മാർട്ട് ക്ലാസ് മുറികൾ, കായിക പരിപാടികൾ എന്നിവയും പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ ഒരുക്കുന്നതാണ്. ഒന്നാം ഘട്ടത്തിൽ 27 സംസ്ഥാനങ്ങളിലെ 6,207 സ്കൂളുകളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. ഏകദേശം 20 ലക്ഷത്തോളം വിദ്യാർത്ഥികൾക്കാണ് പദ്ധതിയുടെ ആനുകൂല്യങ്ങൾ നേരിട്ട് ലഭ്യമാകുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2022 സെപ്റ്റംബർ 7-ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ പദ്ധതിയാണ് പിഎം ശ്രീ. നാല് വർഷം കൊണ്ട് മാതൃകാ സ്കൂളുകളായി ഉയർത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Also Read: താനൂര്‍ കസ്റ്റഡി മരണം: കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്
Post Your Comments