രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ‘ജയിലർ’ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹൻലാൽ അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിൽ വിനായകനാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയെയും ചിത്രത്തിലെ താരങ്ങളുടെ അഭിനയത്തേയും പുകഴ്ത്തി നിരവധി പേരാണ് രംഗത്ത് വരുന്നത്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. കൊണ്ടാടപ്പെടേണ്ട ചിത്രമാണ് ജയിലർ എന്ന് പറഞ്ഞ മന്ത്രി, ഇത് വിനായകന്റെ സിനിമ ആണെന്നും പറയുന്നു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു മന്ത്രി സിനിമയെ പറ്റി കുറിച്ചത്.
‘ഈ ചിത്രത്തിന് നിരവധി മാനങ്ങൾ ഉണ്ട്..കൊണ്ടാടപ്പെടേണ്ട ഒന്ന്..വിനായകന്റെ സിനിമ..’, വി ശിവൻകുട്ടി ഫേസ്‌ബുക്കിൽ കുറിച്ചു. ഒപ്പം ജയിലറിൽ രജനികാന്തും വിനായകനും നേർക്കുനേർ വരുന്നൊരു ഫോട്ടോയും അദ്ദഹം പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തിയത്. വിനായകനെ പുകഴ്ത്തി കൊണ്ടുള്ളതാണ് ഭൂരിഭാഗം കമന്റും.
രണ്ട് ദിവസം മുൻപ് പുറത്തിറങ്ങിയ ജയിലറിൽ വർമ്മ എന്ന പ്രതിനായ വേഷത്തിൽ ആണ് വിനായകൻ എത്തിയത്. ക്രൂരനായ വില്ലനൊപ്പം തന്നെ അദ്ദേഹത്തിന്റെ കോമഡിക്കും കയ്യടി ഏറെയാണ്. മുത്തുവേൽ പാണ്ഡ്യനൊപ്പം കട്ടയ്ക്ക് നിന്ന വർമ്മയാണ് സമീപകാലത്തെ ഏറ്റവും മികച്ച വില്ലൻ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
Leave a Comment