കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മാട് സ്വദേശി മുഹമ്മദ് ബിലാലിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച സംഭവത്തിൽ തോട്ടക്കാട്ടുകര കൊല്ലങ്ങാടന്‍ എഡ്വിന്‍ (29), മുപ്പത്തടം എരമം കരിപ്പുഴപ്പറമ്പ് അബ്ദുല്‍ മുഹാദ് (30), ദേശം മണിവിലാസം പ്രസാദ് (31), ബൈപ്പാസ് പുതുമനയില്‍ കമാല്‍ (26), ദേശം പുഷ്പകത്തുകുടി കിരണ്‍ (32) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം.
ആലുവ ബൈപ്പാസില്‍ സൃഹൃത്തിനെ കാത്തു നില്‍ക്കുകയായിരുന്നു ബിലാല്‍. ഇയാളുടെ അടുത്തേക്ക് എത്തിയ സംഘം വാഹനത്തിന്റെ താക്കോലും മൊബൈല്‍ ഫോണും വാങ്ങി കാറില്‍ കയറ്റി യുവാവിനെ കൊണ്ടു പോകുകയായിരുന്നു. ആലുവ യുസി കോളജിന്റെ പരിസരത്തേക്കാണ് സംഘം മുഹമ്മദ് ബിലാലിനെ കൊണ്ടു പോയത്. സംഘം ഭീഷണിപ്പെടുത്തിയപ്പോള്‍ മുഹമ്മദ് ബിലാല്‍ വീട്ടിലേക്ക് വിളിച്ചു പണം ആവശ്യപ്പെട്ടു. അതിനു ശേഷം യുവാവിനെ സംഘം മര്‍ദ്ദിച്ചു പല സ്ഥലങ്ങളില്‍ കൊണ്ടു പോയ ശേഷം ആലപ്പുഴയില്‍ ഉപേക്ഷിച്ച് മടങ്ങി.
വിവരം അറിഞ്ഞ് പൊലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മുഹമ്മദ് ബിലാലിന്റെ പിതാവും പ്രതികളില്‍ ഒരാളായ എഡ്വിനും തമ്മില്‍ ടാന്‍സാനിയയില്‍ മൈനിങ് ബിസിനസുമായി ബന്ധപ്പെട്ടു പാര്‍ട്ണര്‍ഷിപ്പുണ്ട്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിനു പിന്നില്‍ എന്നാണ് പൊലീസ് നിഗമനം.
Post Your Comments