തൃശ്ശൂർ: ഭാര്യയെ പ്രവാസി യുവാവ് കമ്പിപ്പാര കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗൾഫിലായിരുന്ന തൃശൂർ ചേറൂർ സ്വദേശി ഉണ്ണികൃഷ്ണൻ മൂന്നു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയതിന് പിന്നാലെ അറിഞ്ഞത് ഭാര്യ സുലുവിന് മറ്റൊരാളുമായി ബന്ധമുണ്ട് എന്ന വാർത്തയാണ്. ഗൾഫിൽ നിന്നും അയച്ചുകൊടുത്ത ഒരു കോടിയോളം രൂപയും ഭാര്യയുടെ പക്കലോ അക്കൗണ്ടിലോ ഉണ്ടായിരുന്നില്ല.
ഇതോടെയാണ് കമ്പിപ്പാര ഉപയോഗിച്ച് യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. അതേസമയം, വീട്ടിൽ ഭീമമായ കടവും ഉണ്ടായിരുന്നതായി ഉണ്ണികൃഷ്ണൻ പൊലീസിനോട് പറഞ്ഞു. താൻ അയച്ചുകൊടുത്ത പണം എന്തു ചെയ്തു എന്ന് ചോദ്യത്തിന് കൃത്യമായ മറുപടി ഭാര്യയിൽ നിന്നും ഉണ്ടായില്ലെന്നും ഇതിനെ തുടർന്നുള്ള തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്നും ഉണ്ണികൃഷ്ണൻ പൊലീസിനോട് പറഞ്ഞു.
ഇതിനിടെ ഗൾഫിൽ നിന്ന സമയത്ത് നാട്ടിലെ ചിലരുമായി ഉണ്ണികൃഷ്ണൻ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഭാര്യയുടെ ബന്ധത്തെ സംബന്ധിച്ചുള്ള നല്ല വാർത്തകൾ അല്ല തനിക്ക് കേൾക്കാൻ കഴിഞ്ഞതെന്നും ഉണ്ണികൃഷ്ണൻ പൊലീസിനോടു പറഞ്ഞു. നാട്ടിൽ ഉണ്ണികൃഷ്ണൻ്റെ കുടുംബത്തിന് അയൽവാസികളുമായി വലിയ ബന്ധമൊന്നുമുണ്ടായിരുന്നില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മാത്രമല്ല ഒറ്റപ്പെട്ട ഒരു പ്രദേശത്താണ് വീട് സ്ഥിതി ചെയ്തിരുന്നതും.
ഉണ്ണികൃഷ്ണനും സുലുവിനും രണ്ടു മക്കളാണ്. ഇവർ രണ്ടുപേരും പുറത്ത് പഠിച്ചുകൊണ്ടിരിക്കുകയാണ്. കൊലപാതകം നടക്കുന്ന സമയത്ത് വീട്ടിൽ ദമ്പതികൾ മാത്രമാണ് ഉണ്ടായിരുന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഉണ്ണികൃഷ്ണൻ വിയ്യൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി കീഴടങ്ങുകയായിരുന്നു.
താൻ ഭാര്യയെ കൊലപ്പെടുത്തിയെന്നും കുറെയേറെ കാര്യങ്ങൾ തനിക്ക് പറയാനുണ്ടെന്നും ഉണ്ണികൃഷ്ണൻ പൊലീസ് സ്റ്റേഷനിൽ എത്തിയശേഷം വ്യക്തമാക്കിയിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. തുടർന്ന് പൊലീസ് സംഭവസ്ഥലത്ത് എത്തി. ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട ഭർത്താവ് ഉണ്ണികൃഷ്ണനെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
Post Your Comments