തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊന്ന സംഭവത്തിൽ പ്രതിയായ ഭർത്താവിൻ്റെ മൊഴികളിൽ പൊരുത്തക്കേട്. തൃശൂര്‍ ചേറൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കല്ലടിമൂല സ്വദേശി സുലി (46)യാണ് ഭർത്താവിൻ്റെ ആക്രമണത്തിൽ ക്രൂരമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ വിയ്യൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. തുടർന്നു നടന്ന ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിനു കാരണമായി പ്രതി പറഞ്ഞ കാര്യങ്ങളിൽ പൊലീസിന് പൊരുത്തക്കേട് തോന്നിയത്.
പ്രവാസിയായ ഉണ്ണികൃഷ്ണന്‍ മൂന്നു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് ഉണ്ണികൃഷ്ണൻ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. വ്യാഴാഴ്ച അർദ്ധരാത്രിയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. തുടർന്ന് പുലർച്ചെ ഒന്നോടെ വിയ്യൂർ പൊലീസ് സ്റ്റേഷനിൽ എത്തി ഉണ്ണികൃഷ്ണൻ കീഴടങ്ങുകയായിരുന്നു. വിദേശത്ത് നിന്ന് ഭാര്യയുടെ പേരിലയച്ച ഒരു കോടിയിലധികം രൂപ കാണാനില്ലെന്നാണ് ഉണ്ണികൃഷ്ണൻ ആരോപിക്കുന്നത്. മാത്രമല്ല താൻ നാട്ടിലെത്തിയപ്പോൾ മൂന്നുലക്ഷം രൂപ കടവും ഉണ്ടായിരുന്നു.
എന്നാൽ ഈ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നാണ് പൊലീസ് പറയുന്നത്. വിദേശത്ത് കിച്ചൺ സഹായിയായി പ്രവർത്തിക്കുകയാണ് ഉണ്ണികൃഷ്ണൻ. ഇയാൾക്ക് അറുപതിനായിരം രൂപയാണ് ശമ്പളം ലഭിക്കുന്നത്. അത്രയും ശമ്പളം വാങ്ങുന്നയാൾ ഒരു കോടി നൽകിയെന്ന് പറയുന്നതിൽ സംശയമുണ്ടെന്നാണ് വിയ്യൂർ പോലീസ് ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഉണ്ണികൃഷ്ണൻ കരുതിയിരുന്നു. ഇക്കാര്യത്തെച്ചൊല്ലിയും ഇയാൾ ഭാര്യയുമായി തർക്കിച്ചിരുന്നു എന്നാണ് സൂചനകൾ.
താൻ അയച്ചുകൊടുത്ത പണം ആർക്ക് നൽകി എന്ന് ചോദ്യത്തിന് കൃത്യമായ മറുപടി ഭാര്യയിൽ നിന്നും ഉണ്ടായില്ലെന്നും ഇതിനെ തുടർന്നുള്ള തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്നും ഉണ്ണികൃഷ്ണൻ പൊലീസിനോട് പറഞ്ഞു. ഇതിനിടെ ഗൾഫിൽ നിന്ന സമയത്ത് നാട്ടിലെ ചിലർ ഉണ്ണികൃഷ്ണനുമായി ബന്ധപ്പെട്ടിരുന്നു എന്ന സൂചനകളുണ്ട്. ഇവർ ഭാര്യയുടെ ചില വിവരങ്ങൾ ഉണ്ണികൃഷ്ണനെ അറിയിച്ചുവെന്നും ഇതോടെയാണ് ഉണ്ണികൃഷ്ണന് സംശയം വർദ്ധിച്ചതെന്നുമാണ് ലഭിക്കുന്ന സൂചനകൾ.
കൊല്ലപ്പെട്ട സുലിയുടെ മൊബെെൽ ഫോൺ അടക്കം പരിശോധിക്കാനാണ് പൊലീസ് തയ്യാറെടുക്കുന്നത്. സംശയാസ്പദമായ കോളുകൾ ഫോണിലേക്ക് വന്നിട്ടുണ്ടോ എന്നും ഈ കോളുകൾ ഏതെങ്കിലും തരത്തിൽ കൊലയ്ക്ക് കാരണമായിട്ടുണ്ടോ എന്നും പരിശോധിക്കാനാണ് പൊലീസ് നീക്കം. നാട്ടിൽ ഉണ്ണികൃഷ്ണൻ്റെ കുടുംബത്തിന് അയൽവാസികളുമായി വലിയ ബന്ധമൊന്നുമുണ്ടായിരുന്നില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മാത്രമല്ല ഒറ്റപ്പെട്ട ഒരു പ്രദേശത്താണ് വീട് സ്ഥിതി ചെയ്തിരുന്നതും.
ഉണ്ണികൃഷ്ണനും സുലിക്കും രണ്ടു മക്കളാണ്. ഇവർ രണ്ടുപേരും പുറത്ത് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനും ഭീമമായ ചിലവുണ്ട്. അയച്ച പൈസ ഇതിനും ചിലവാക്കിയിട്ടുണ്ടാവുമെന്നും സൂചനയുണ്ട്. കൊലപാതകം നടക്കുന്ന സമയത്ത് വീട്ടിൽ ദമ്പതികൾ മാത്രമാണ് ഉണ്ടായിരുന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഉണ്ണികൃഷ്ണൻ വിയ്യൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി കീഴടങ്ങുകയായിരുന്നു.
Post Your Comments