ഓണം എത്താറായതോടെ ഭക്ഷ്യ വസ്തുക്കളുടെ ആദ്യ ഘട്ട സ്റ്റോക്ക് ഇന്ന് മുതൽ സപ്ലൈകോയിൽ എത്തും. വിതരണക്കാർക്ക് നൽകാനുള്ള കുടിശ്ശിക ഈ മാസം തന്നെ നൽകുമെന്ന മന്ത്രി ജി.ആർ അനിലിന്റെ ഉറപ്പിനെ തുടർന്നാണ് വിതരണക്കാർ സപ്ലൈകോയിലേക്ക് സ്റ്റോക്ക് എത്തിക്കുന്നത്. നിലവിൽ, 520 കോടി രൂപയാണ് കുടിശ്ശികയായി സപ്ലൈകോ നൽകാനുള്ളത്. അതേസമയം, സബ്സിഡി നൽകിയ വകയിൽ സപ്ലൈകോയ്ക്ക് 3,000 കോടി രൂപ സർക്കാറും നൽകാറുണ്ട്. എന്നാൽ, ഓണം വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ 70 കോടി രൂപ മാത്രമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.
സപ്ലൈകോയിൽ ഇന്ന് സാധനങ്ങൾ എത്തിയാൽ, നാളെ മുതൽ മാവേലി സ്റ്റോറുകൾ ഉൾപ്പെടെയുള്ള സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ഭക്ഷ്യവസ്തുക്കൾ എത്തിത്തുടങ്ങും. 6,120 ടൺ പയറുവർഗ്ഗങ്ങളും, 6,000 ടൺ സുഗന്ധവ്യഞ്ജനങ്ങളും, 4,570 ടൺ പഞ്ചസാരയും, 15,880 ടൺ വിവിധ തരം അരികളും, 40 ലക്ഷം ലിറ്റർ വെളിച്ചെണ്ണയുമാണ് സംഭരിക്കുന്നത്. അതേസമയം, ഇത്തവണ വറ്റൽമുളക് ഉൾപ്പെടെയുള്ള സബ്സിഡി സാധനങ്ങൾ ഓണത്തിന് യഥേഷ്ടം ലഭിക്കാനുള്ള സാധ്യത കുറവാണ്. ആന്ധ്രയിലെ ഗുണ്ടൂരിൽ നിന്ന് പതിവിലും കുറച്ച് മാത്രമാണ് വറ്റൽ മുളക് എത്തിയിട്ടുള്ളൂ.
Also Read: ജീവിത തടസ്സങ്ങളകറ്റാൻ വിരാലിമലയിലെ ആറുമുഖ സ്വാമി
സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഓണച്ചന്തകൾക്ക് സിവിൽ സപ്ലൈസ് വകുപ്പ് സ്പോൺസർമാരെ തേടാൻ ആലോചിക്കുന്നുണ്ട്. ഓണച്ചന്തകളിൽ സബ്സിഡി സാധനങ്ങൾ വിൽക്കാനുള്ള ചെലവ് വഹിക്കാൻ കഴിയാത്ത നിലയ്ക്ക് സപ്ലൈകോ എത്തിയതിനെ തുടർന്നാണ് പുതിയ നീക്കം. കോർപ്പറേറ്റ് സ്ഥാപനങ്ങൾ, ഭക്ഷ്യവസ്തുക്കളുടെ നിർമ്മാതാക്കൾ, സഹകരണ-സ്വകാര്യസ്ഥാപനങ്ങൾ എന്നിവർക്കെല്ലാം സ്പോൺസർമാരാകാം.
Post Your Comments