KeralaLatest NewsNews

വിഴിഞ്ഞം തുറമുഖം: 3600 കോടിയുടെ വായ്പ അനിശ്ചിതത്വത്തിൽ, തിരിച്ചടവുതുക ബജറ്റിലുൾപ്പെടുത്തണമെന്ന് ഉപാധി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനായി ഹഡ്കോയിൽ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിച്ച 3600 കോടിയുടെ വായ്പ അനിശ്ചിതത്വത്തിൽ. തിരിച്ചടവിനുള്ള തുക ഓരോ വർഷവും സർക്കാർ ബജറ്റിലുൾപ്പെടുത്തണമെന്ന് ഹഡ്കോ ഉപാധി വച്ചിരിക്കുകയാണ്.

ആദ്യഘട്ടത്തിൽ 2090 കോടി അനുവദിച്ചപ്പോഴാണ് ഈ വ്യവസ്ഥ ഉൾപ്പെടുത്തണമെന്ന് ബാങ്ക് ആവശ്യപ്പെട്ടത്. ആദ്യ രണ്ടുവർഷം പലിശമാത്രം നൽകി അടുത്ത 15 വർഷം കൊണ്ട് തിരിച്ചടവ് പൂർത്തിയാകും വിധമാണ് വായ്പ അനുവദിച്ചത്.

വായ്പയ്ക്ക് സർക്കാർ ഗ്യാരന്റി നൽകാൻ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, തിരിച്ചടവ് തുക ബജറ്റിൽ ഉൾപ്പെടുത്താൻ തയ്യാറായിട്ടില്ല. ബജറ്റിലുൾപ്പെടുത്തിയാൽ ഇത് സർക്കാരിന്റെ പൊതുകടത്തിലുൾപ്പെടുമെന്നതാണ് ധനവകുപ്പിന്റെ ആശങ്ക. പുതിയ വ്യവസ്ഥ സർക്കാർ അംഗീകരിക്കാൻ വൈകുന്നതോടെ വായ്പയ്ക്കായി നബാർഡിനെയും കൂടി സമീപിക്കാനാണ് വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് (വിസിൽ) തീരുമാനിച്ചിരിക്കുന്നത്.

സെപ്റ്റംബറിൽ വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തിക്കാനും 2024 മെയ് മാസത്തില്‍ തുറമുഖം പ്രവർത്തനസജ്ജമാക്കാനുമാണ് സർക്കാരും വിസിലും ശ്രമിക്കുന്നത്. എന്നാൽ, കൃത്യസമയത്ത് വായ്പ ലഭിച്ചില്ലെങ്കിൽ പദ്ധതിയുടെ നിർമാണം തടസ്സപ്പെടും. തുറമുഖത്തിന്റെ പുലിമുട്ട് നിർമാണത്തിനായി അദാനി ഗ്രൂപ്പിന് 325 കോടി കെഎഫ്സിയിൽനിന്ന് ഇടക്കാല വായ്പയെടുത്താണ് നൽകിയത്. അടുത്ത ഘട്ടമായി 500 കോടിയോളം ഉടൻ നൽകണം. ഇത് വൈകിയാൽ പലിശയിനത്തിലും സർക്കാർ വൻതുക നൽകേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button