തിരുവമ്പാടി : വീതികുറഞ്ഞ റോഡിൽ എതിരേവന്ന ടിപ്പറിന് വശംകൊടുക്കവേ റോഡിടിഞ്ഞതിന് ടിപ്പർഉടമയ്ക്ക് പൊതുമരാമത്തുവകുപ്പ് വക 26,000 രൂപ പിഴ. കൂമ്പാറ പാമ്പോടൻ റസാഖിനാണ് തിരുവമ്പാടി പി.ഡബ്ല്യു.ഡി. സെക്‌ഷൻ ഓഫീസ് പിഴയടയ്ക്കാൻ നിർദേശിച്ചിരിക്കുന്നത്. ജൂലായ് 24-ന് ഉച്ചയ്ക്കാണ് സംഭവം.
മരഞ്ചാട്ടിയിൽനിന്ന് കൂടരഞ്ഞി ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറാണ് മാങ്കയത്ത് എതിരെവന്ന ടിപ്പറിന് വശംകൊടുക്കവേ തെന്നിമാറി താഴ്ന്ന് റോഡിന് നാശനഷ്ടമുണ്ടായത്. വാഹനത്തിന്റെ ഇടതുഭാഗത്തെ മുൻചക്രം അല്പം താഴ്ന്നുപോയി. ജെ.സി.ബി. ഉപയോഗിച്ച് ഉയർത്തി വാഹനം കൊണ്ടുപോകുകയും ചെയ്തു. ചക്രം താഴ്ന്നപ്പോൾ രൂപപ്പെട്ട കുഴി കല്ലുപയോഗിച്ച് നന്നാക്കിയശേഷമാണ് പോന്നതെന്ന് ടിപ്പർ ഓടിച്ചിരുന്ന മകൻ റിയാസ് പറയുന്നു.
തുടർന്ന് പൊതുമരാമത്ത് വകുപ്പ് പോലീസിൽ പരാതി നൽകുകയും വാഹനം കണ്ടെത്തുകയുമായിരുന്നു. റോഡിന് നാശനഷ്ടമുണ്ടായ വകയിൽ നഷ്ടപരിഹാരമായി 22,000 രൂപയും 4,000 രൂപ ജി.എസ്.ടി.യും ഉൾപ്പെടെ 26,000 രൂപ പിഴ അടയ്ക്കണമെന്നാണ് നിർദേശമെന്ന് റിയാസ് പറഞ്ഞു.വാഹനം താഴ്ന്നഭാഗത്ത് പി.ഡബ്ല്യ.ഡി.ക്ക് കാര്യമായ നഷ്ടം സംഭവിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ പിഴയടയ്ക്കാൻ കഴിയില്ലെന്നുപറഞ്ഞു തിരികെപ്പോന്നു. പൊതുമരാമത്ത് അധികൃതർക്കെതിരേ നിയമനടപടി കൈക്കൊള്ളാനുള്ള തീരുമാനത്തിലാണിവർ.
Post Your Comments