ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള ലാപ്‌ടോപ്പുകളുടെയും ടാബുകളുടെയുമടക്കം ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. വിദേശത്ത് നിന്ന് ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങൾ വിൽപ്പനയ്ക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ഏതൊരു സ്ഥാപനമോ കമ്പനിയോ ഇന്ത്യയിൽ ‘നിയന്ത്രിത ഇറക്കുമതിക്കുള്ള സാധുവായ ലൈസൻസ്’ ഉറപ്പാക്കണമെന്ന് പുതിയ നിയന്ത്രണം വ്യവസ്ഥ ചെയ്യുന്നു. HSN 8471 വിഭാഗത്തിൽപ്പെടുന്ന ഉപകരണങ്ങളുടെ ഇറക്കുമതിക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ലാപ്‌ടോപ്പും ടാബ്ലറ്റും മാത്രമല്ല, ചെറിയ സർവ്വറുകളും, ആൾ ഇൻ വൺ പിസികളും അടക്കം ഇതിൽ ഉൾപ്പെടും. ഈ നിയന്ത്രണം ബാധിച്ച ബ്രാൻഡുകൾ ആപ്പിൾ, ലെനോവോ, എച്ച്പി, അസൂസ്, ഏസർ, സാംസങ് തുടങ്ങിയവയാണ്.
ഇന്ത്യയിലെ ലാപ്‌ടോപ്പുകളുടെയും കമ്പ്യൂട്ടറുകളുടെയും ഒരു പ്രധാന ഭാഗം ചൈനീസ് നിർമ്മാണത്തിൽ നിന്ന് ഉത്ഭവിച്ചതിനാൽ, വർദ്ധിച്ച ആഭ്യന്തര ഉൽപ്പാദനത്തിലേക്കുള്ള പരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ നിർദ്ദേശത്തിന് പിന്നിലെ ഗവൺമെന്റിന്റെ ഉദ്ദേശ്യം. സ്‌മാർട്ട്‌ഫോൺ നിർമ്മാണ മേഖലയിൽ വിജയിച്ച തന്ത്രം തന്നെയാണ് ഇവിടെയും പയറ്റാൻ ഉദ്ദേശിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇനി വിദേശത്ത് നിന്ന് ലാപ്‌ടോപ്പോ മറ്റോ വാങ്ങി കൊണ്ട് വരാമോ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുമ്പോൾ ഇറക്കുമതി നിയന്ത്രണങ്ങളില്ലാതെ ഒരു ലാപ്ടോപ്പ്, ടാബ്ലെറ്റ്, ഓൾ-ഇൻ-വൺ പേഴ്സണൽ കമ്പ്യൂട്ടർ അല്ലെങ്കിൽ അൾട്രാ-സ്‌മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടർ എന്നിവ അവരുടെ ബാഗേജിൽ കൊണ്ടുവരാൻ സാധിക്കും. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്ന് വാങ്ങുകയും തപാൽ വഴിയോ കൊറിയർ വഴിയോ അയയ്ക്കുകയും ചെയ്യുന്ന ഇനങ്ങൾക്കും ഇളവ് ബാധകമാണെന്നാണ് നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നത്.
കൂടാതെ, ഇറക്കുമതി ലൈസൻസുകൾ ഒരു ഷിപ്പ്‌മെന്റിന് 20 ഇനങ്ങൾ വരെ കൊണ്ടുവരാം. ഇത് കൂടാതെ ഗവേഷണം, റിപ്പയറിംഗ്, പ്രൊഡക്റ്റ് ഡെവലപ്‌മെൻറ് തുടങ്ങിയവ നടത്തുന്നതിന് ഇറക്കുമതി ലൈസൻസുള്ളവർക്ക് 20 ഇനങ്ങൾക്ക് വരെ ഇളവ് ലഭിക്കും. അവ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് കസ്റ്റംസ് ഡ്യൂട്ടി ചാർജുകൾ മാത്രം നൽകിയാൽ മതി. വിദേശത്ത് നിന്ന് വരുമ്പോൾ വ്യക്തിപരമായ ഉപയോഗത്തിനോ ആർക്കെങ്കിലും ഗിഫ്റ്റ് നൽകാനോ ലാപ്‌ടോപ്പും ടാബ്‌ലെറ്റമൊക്കെ കൊണ്ട് വരാനാകും എന്നാണ് വ്യവസ്ഥയിൽ പറയുന്നത്. എന്നാൽ അത് ഇന്ത്യയിൽ വിൽക്കാൻ സാധിക്കില്ല.
Post Your Comments