Latest NewsKerala

കേരളത്തിൽ എന്തും നടക്കുമെന്ന അവസ്ഥ, വീടുകളിൽ നിന്ന് പെണ്മക്കളെ പുറത്തേക്ക് അയക്കാൻ ഭയക്കുകയാണ്- ശക്തിധരൻ

കേരളത്തിൽ പെൺകുട്ടികൾക്ക് സുരക്ഷ ഒരുക്കുന്നതിൽ പിണറായി സർക്കാരിന് വീഴ്ച സംഭവിക്കുന്നുവെന്ന ആരോപണവുമായി ദേശാഭിമാനി മുൻ എഡിറ്റർ ജി ശക്തിധരൻ. അന്യനാട്ടിൽ നിന്ന് ഉപജീവനം തേടി ഇവിടെ എത്തിയവരിൽ കൊടും ക്രിമിനലുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നത് എന്തേ കേരളം ഗൗരവമായി എടുക്കുന്നില്ല എന്നദ്ദേഹം ചോദിച്ചു.

ശക്തിധരന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

കേരളം
ചെകുത്താന്റെ
നാടോ ?
പിഞ്ചുകുഞ്ഞുങ്ങളെ മുതൽ വൃദ്ധകളെ വരെ പ്രായഭേദമെമെന്യേ മൃഗങ്ങൾ പോലും അറച്ചുനിൽക്കുന്ന പൈശാചികതക്ക് ഇരയാക്കിക്കൊണ്ടിരിക്കുന്ന നാടായി കേരളം മാറിക്കഴിഞ്ഞിരിക്കുന്നത് കണ്ടിട്ട് എന്തേ മുഖ്യമന്ത്രീ നിങ്ങളുടെ ചങ്ക് പൊട്ടുന്നില്ലേ? അഞ്ചുവയസുള്ള ഒരു പെൺകുട്ടിയുടെ ശരീരത്തിലെ കയ്യും കാലും എത്രമാത്രം ഉറച്ചിട്ടില്ലാത്തതാകും എന്നത് തിരിച്ചറിയാനുള്ള ബുദ്ധി അങ്ങേയ്ക്കായിട്ടില്ലേ? ആ ദിവസം എങ്ങിനെ നിങ്ങൾക്ക്‌ ഉറങ്ങാൻ കഴിഞ്ഞു. അതോ അന്നും നീന്തൽക്കുളത്തിലെ നീരാട്ടിന്‌ അങ്ങ് ഇറങ്ങിയിരുന്നോ ? ഒപ്പമുണ്ട് എന്ന ഹൃദയഹാരിയയായ ഈരടി കോടികൾ മുടക്കി എഴുതിപ്പിടിച്ചിരിക്കുന്ന ചുമരുകൾ അങ്ങയെ നോക്കീ കൊഞ്ഞനം കുത്തുന്നത് അങ്ങ് കാണുന്നില്ലേ?

കേരളം കരുതിയത് ഈ വാർത്ത അറിഞ്ഞു അങ്ങ് സടകുടഞ്ഞേണീറ്റ് കർമ്മനിരതനാകും എന്നാണ്? പക്ഷെ എല്ലാത്തിനും ഇടങ്കോലിടുന്ന പഴയ പിണറായി വിജയൻ തന്നെയാണിതെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. അങ്ങ് സിംഹാസനത്തിൽ ഇരുന്നു വാഴുന്നോർ അല്ലേ? .സാക്ഷാൽ ചക്രവർത്തി! ചെറിയ ആ ളല്ലല്ലോ ?

അന്യനാട്ടിൽ നിന്ന് ഉപജീവനം തേടി ഇവിടെ എത്തിയവരിൽ കൊടും ക്രിമിനലുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നത് എന്തേ കേരളം ഗൗരവമായി എടുക്കുന്നില്ല. . കേരളത്തിൽ എത്തിയാൽ എന്തും നടക്കുമെന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു!. തദ്ദേശീയരും മോശമല്ല. വീടുകളിൽ നിന്ന് പെണ്മക്കളെ പുറത്തേക്ക് അയക്കുന്നത് ഭയക്കുകയാണ്. മടങ്ങി വീട്ടിൽ എത്തുന്ന സമയം വരെ അമ്മമാരുടെ നെഞ്ചിടിപ്പ് ഉൾഭയം കൊണ്ട്. സൂചിമുനയിലാണ്.
റിപ്പോർട്ട് ചെയ്യപ്പെടാത്ത കേസുകളാണ് ഏറെയും. മയക്കുമരുന്ന് സമൂഹത്തിലെ വില്ലനായി രംഗപ്രവേശം ചെയ്തിട്ട് വർഷങ്ങൾ ആയി. ലഭ്യമായ ലഹരികളിൽ ഏറ്റവും കാഠിന്യമുള്ളതും നാഡീവ്യൂഹങ്ങളെ ഭ്രമാത്മക ലോകത്തേക്ക് എത്തിക്കാൻ കൂടുതൽ ആവേശം പകരുന്നതും മയക്കുമരുന്നാണെന്നതും യാഥാർഥ്യമാണ്..

മക്കളെ ഈ വിപത്തിൽനിന്ന് രക്ഷനേടാൻ ആരാധനാലയങ്ങളിൽ നെഞ്ചുരുകി പ്രാർത്ഥിക്കുന്ന എത്ര എത്ര അമ്മമാരെയാണ് കാണാനാകുന്നത്. അവർക്കൊന്നും പോലീസിൽ വിശ്വാസമില്ല. . മക്കൾക്ക് മനഃപരിവർത്തനം ഉണ്ടാകാൻ അതുകൊണ്ടാണ് അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെട്ട് പ്രാർത്ഥാനാനിരതരാകുന്നത്. സ്പീക്കർ അറിഞ്ഞാൽ അതിന്റെ പേരിലാകും ആട്ടും തുപ്പും. മിതെങ്കിൽ മിത്ത്.നമുക്ക് സ്വൈരം വേണം,
കേരളസമൂഹത്തിൽ നീറിക്കൊണ്ടിരിക്കുന്ന ഈ നൊമ്പരത്തെ കടിഞ്ഞാണിട്ട് നിർത്താൻ സംസ്ഥാന ഭരണകൂടം എന്തെങ്കിലും ചെയ്യുന്നുണ്ടോ? അടയ്ക്കയായാലേ മടിയിൽ വെക്കാനാകൂ. കമുകായാൽ ഒന്നും ചെയ്യാനാകില്ല.

ഇപ്പോൾ കേരളം മയക്കുമരുന്ന് വ്യാപാരത്തിന്റെ നല്ല ലാഭമുള്ള പരീക്ഷണശാലയാണ്. ചെറിയ ചിപ്പിന്റെ വലുപ്പത്തിൽ ആണ് കയ്യിൽ കിട്ടുന്നതെങ്കിലും മയക്കുമരുന്നിന്റെ ഉറവിടം വലിയ കാർട്ടൽ രൂപത്തിലാണ്. ഇതിന്റെ ക്രയവിക്രയം സംബ ന്ധിച്ചു കൃത്യമായ റോഡ് മാപ്പ് പോലീസിന്റെ ഫയലുകളിൽ ഉണ്ട്. പക്ഷെ പോലീസ് അനങ്ങുന്നില്ല. മാസത്തിലൊരു ദിവസമെങ്കിലും സംസ്ഥാനവ്യാപകമായി തൂത്തുവാരിപ്പിടിച്ച റെയ്ഡ് നടത്തിയിരുന്നെങ്കിൽ എത്രയോ നിരപരാധികളുടെ ജീവൻ രക്ഷിക്കാമായിരുന്നു.

അദ്ധ്വാനം അധികമാവശ്യമില്ലാത്ത ലൊട്ടു ലൊടുക്ക് കേസുകളിൽ പ്രതികളെ പിടിച്ചു വലയിലാക്കിയാണ് പോലീസ് നിഗളിക്കുന്നത് .തിമിംഗലങ്ങളെ തൊടുന്നില്ല. അതിന്റെ വേരുകൾ അത്രയ്ക്ക് കെട്ടുപിരിഞ്ഞതാണ്. കേരളം ഇന്ത്യയിലെ കുറ്റാന്വേഷണകർക്കു ഒരു സന്ദേശം നൽകുന്നുണ്ട്. അത് നമ്പർ വൺ എന്ന് വിളിച്ചു കൂകുന്നതല്ല. അത് വായിക്കുന്നവരെ ഭയപ്പെടുത്തുന്നതാണ്. കേരളത്തിന്റെ ഭൂപടത്തിലെ ഗ്രാഫുകളിൽ ഊളിയിട്ടിറങ്ങുന്ന കർവുകളിലൂടെ കണ്ണോടിച്ചാൽ കേരളത്തിലെ അധോലോകത്തിന്റെ ചരിത്രം ആർക്കും വായിച്ചെടുക്കാം. ക്ഷുദ്ര ശക്തികളുടെ കൈകളിലിരിക്കുന്ന ഫോണുകൾ വഴി നടക്കുന്ന രഹസ്യഇടപാടുകൾ ചെവിയോർക്കുന്നവരാണ് അതിനു നിയോഗിക്കപ്പെട്ട മേലുദ്യോഗസ്ഥർ .

ഒരു ചെറിയ യന്ത്രത്തിൽ നിന്ന് കാണാമറയത്തു വർഷിച്ചുകൊണ്ടിരിക്കുന്ന ബോംബുകളുടെ ശബ്ദഘോഷവും ലക്ഷ്യവും ഒരു യന്ത്രത്തിൽ നിന്ന് അവർക്കു നിരീക്ഷിക്കാം. .പക്ഷെ അത് നിർവീര്യമാക്കാനുള്ള ഇച്ഛാശക്തിയുള്ളവർ വേണ്ടേ?
കേരളം ചെകുത്താന്റെ നാടാക്കിയ മോൺസൺ മാവുങ്കൽമാരുടെ പൊന്നാപുരം കോട്ട ഡിവൈഎഫ് യുടെ ഒരേ ഒരു ചുണക്കുട്ടിക്ക് ഒറ്റ തീക്കൊള്ളി ഉരച്ചു ശവപ്പറമ്പാക്കാനേ ഉണ്ടായിരുന്നുള്ളൂ. അതിനുള്ളിൽ ക്ഷുദ്രജീവികൾ ചത്തൊടുങ്ങട്ടേ എന്ന് അവഗണിച്ചാൽ പോരെ. പ്രായഭേദമെന്യേ എത്ര എത്ര നിഷ്‍കളങ്കരായ പെൺകുട്ടികളെയാണ് ഈ അധമന്മാർ ആണ് അതിനുള്ളിൽ കടിച്ചു കീറി രുചിയറിഞ്ഞത്. തൊപ്പിയിൽ വലിയ മുദ്രകൾ ചാർത്തി ഈ പൊന്നാപുരം കോട്ടയ്ക്കുള്ളിൽ കയറി വ്യഭിചാരശാല പോലെ നുണഞ്ഞ കാളക്കൂറ്റന്മാരുടെ ഒരു രോമത്തിൽ തൊടാതെ വലിയ പദവികളിൽ കൊണ്ടിരുത്തിയില്ലേ?

അവർ ഇപ്പോഴും ആ ശീതളച്ഛായയിൽ സുഖസുഷുപ്തിയിൽ കഴിയുന്നു. പൊന്നാപുരം കോട്ട ഇവിടെ നിലനിന്നത് പോലീസ് അറിയാതെയല്ലല്ലോ. അതിനും എ കെ ബാലന്‌ ന്യായീകണം ഉണ്ടാകും! പഠിച്ചവനല്ലേ ? സ്വയം നശിക്കാൻ തീരുമാനിച്ചാൽ ആർക്കും രക്ഷിക്കാനാവില്ല. പി കെ കുഞ്ഞച്ചന് പേര് ദോഷമുണ്ടാക്കരുത് ബാലൻ .,അത് നെറികേടാകും. കുഞ്ഞച്ചനെക്കുറിച്ചു പുസ്തകമെഴുതിച്ചതുകൊണ്ടായില്ല അതിലെ വാക്കുകളിൽ കാണുന്ന തീപ്പൊരി ഉൾക്കൊള്ളണം ..

shortlink

Related Articles

Post Your Comments

Related Articles


Back to top button