കണ്ണൂർ: കണ്ണൂരിൽ ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാണ യൂണിറ്റ് വരുന്നു. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡിന്റെ(കെഎഎൽ) നേതൃത്വത്തിൽ ആറു മാസത്തിനകം ഇലക്ട്രിക് സ്‌കൂട്ടറുകൾ നിരത്തിലിറക്കും. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹന നിർമ്മാണക്കമ്പനി ലോഡ്സ് മാർക് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നു കെഎഎൽ മട്ടന്നൂർ കിൻഫ്ര പാർക്കിൽ ആരംഭിക്കുന്ന ഇലക്ട്രിക് ടൂവീലർ നിർമ്മാണ യൂണിറ്റിന്റെ കരാർ ഒപ്പുവച്ചു. മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്.
Read Also: ഷംസീർ മാപ്പു പറയാൻ ആഗ്രഹിച്ചാലും ഞങ്ങൾ സമ്മതിക്കില്ല: ഷംസീറിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സജിത മഠത്തിൽ
മട്ടന്നൂർ കിൻഫ്ര പാർക്കിലെ രണ്ട് ഏക്കർ സ്ഥലത്താണ് പുതിയ ടൂവീലർ നിർമ്മാണ പ്ലാന്റ് വരുന്നത്. സംയുക്ത സംരംഭത്തിന് 4,64,97,000 രൂപയാണ് അംഗീകൃത മൂലധനം നിജപ്പെടുത്തിയിരിക്കുന്നത്. സംയുക്ത സംരംഭത്തിൽ 26 % ഓഹരി കെഎഎല്ലിനും ബാക്കി ലോഡ്സ് മാർക് ഇൻഡസ്ട്രീസിനുമാണ്. സംരംഭം വഴി 200 പേർക്കു നേരിട്ടും നിരവധി പേർക്കു പരോക്ഷമായും തൊഴിൽ സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കെഎഎല്ലിൽ നിന്നു ആദ്യ ഘട്ടത്തിൽ നിരത്തിലിറങ്ങിയ ഓട്ടോറിക്ഷകളുമായി ബന്ധപ്പെട്ടുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങൾക്കു പരിഹാരമായിട്ടുണ്ട്. ഇലക്ട്രിക് ഓട്ടോറിക്ഷകൾക്കായി വയനാട്ടിലും കണ്ണൂരിലും രണ്ടു സർവീസ് സെന്ററുകൾ ആരംഭിക്കാൻ തീരുമാനിച്ചു. ഇതിൽ വയനാട്ടിലെ സർവീസ് സെന്റർ ആരംഭിച്ച് കഴിഞ്ഞു. ഡീലർഷിപ്പിനൊപ്പം സർവീസിനുള്ള സൗകര്യവും ഒരുക്കാനുള്ള നടപടികളും ആലോചിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments