തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ മനപൂർവ്വം കള്ളക്കേസെടുത്ത് അടിച്ചമർത്താമെന്ന ധാരണയിലാണെന്ന് അദ്ദേഹം പറഞ്ഞു.
സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ കേസെടുക്കുന്നത് കേട്ടുകേൾവി ഇല്ലാത്ത് കാര്യമാണ്. ഒരു വിഭാഗത്തെ ആക്ഷേപിക്കാനും മതമൗലികവാദികളുടെ ഗുഡ് സർട്ടിഫിക്കറ്റ് നേടാനുമാണ് സർക്കാർ സമാധനപരമായ പ്രതിഷേധത്തിനെതിരെ കേസെടുത്തിരിക്കുന്നത്. മതഭീകരവാദ ശക്തികളെ പ്രോത്സാഹിപ്പിക്കാനുമുള്ള സർക്കാരിന്റെ അജണ്ടയുടെ ഭാഗമായിട്ടുള്ള നടപടിയാണ് ഷംസീറിന്റെ ഗണപതി അധിക്ഷേപമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശാസ്ത്ര സത്യങ്ങളും വിശ്വാസങ്ങളും തലനാരിഴ കീറി പരിശോധിക്കാനുള്ള അവകാശമൊന്നും ഷംസീറിനില്ല. ഭരണഘടനപദവിയിലിരിക്കുന്ന എ എൻ ഷംസീറിനെതിരെയാണ് കേസെടുക്കേണ്ടത്. അദ്ദേഹം ഒരു മതത്തെ നിന്ദിക്കുകയും സ്വന്തം മതത്തെ പുകഴ്ത്തുകയും ചെയ്യുന്ന പ്രസ്താവനയാണ് നടത്തിയത്. ഇസ്ലാമിന്റെ ആചാരങ്ങളെ കുറിച്ചും മഹത്വത്തെ കുറിച്ചും അതിന്റെ ആചാരാനുഷ്ഠാനങ്ങളെ കുറിച്ചും അദ്ദേഹം വാതോരാതെ പുകഴ്ത്തുകയാണ്. അതേസമയം, ഹിന്ദു മതത്തെ പരസ്യമായി ആക്ഷേപിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു.
വിദ്വേഷ പ്രസ്താവനയും സമൂഹത്തിൽ കലാപത്തിനുള്ള ആഹ്വാനവും നൽകിയ ഷംസീറിനെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണം. സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും സ്പീക്കറുടെയും മനോഭാവമല്ല മറിച്ച് മുഖ്യമന്ത്രിയുടെ നിലപാടിനാണ് കേരളം കാതോർക്കുന്നത്. ഇക്കാര്യത്തെ കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. മതനിരപേക്ഷ സമൂഹത്തിൽ ഇത്തരം വിഭാഗീയത പുലർത്താനും പ്രോത്സാഹിപ്പിക്കാനും ആരാണ് സ്പീക്കർക്ക് അധികാരം നൽകിയതെന്നും എന്താണ് സർക്കാരിന്റെ നിലപാടെന്നും വിശദീകരിക്കാൻ സർക്കാർ തയ്യാറാകണെമന്ന ആവശ്യവും കെ സുരേന്ദ്രൻ മുന്നോട്ടുവെച്ചു.
Post Your Comments