കോയമ്പത്തൂർ: കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് ചന്ദനത്തടി കടത്തിയ സംഘത്തെ 150 കിലോമീറ്ററുകളോളം പിന്തുടർന്ന് പിടികൂടി കോയമ്പത്തൂർ പൊലീസ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. സേലത്തിനടുത്ത് ആറ്റൂരിൽ ആണ് കേരളത്തിലെ മലപ്പുറം ജില്ലയിൽ നിന്നും തമിഴ്നാട്ടിലേക്ക് കടത്തിയ ചന്ദനത്തടി പിടികൂടിയത്. 1051 കിലോ വരുന്ന ചന്ദനത്തടികളടങ്ങിയ ട്രക്ക് ആണ് പൊലീസ് പിടിച്ചെടുത്തത്.
വാഹന പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച് കടന്ന എസ്ഐ ജെസിസ് ഉദയരാജിന്റെ നേതൃത്വത്തിലുള്ള സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. പത്തനംതിട്ട സ്വദേശിയായ ട്രക്ക് ഡ്രൈവർ മനോജ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനം നിർത്താൻ ആവശ്യപ്പെട്ടിട്ടും മനോജ് ലോറി നിർത്താതെ ഓടിച്ച് പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സേലത്തിന് സമീപം ആറ്റൂരിൽ വച്ചാണ് പൊലീസ് വാഹനം തടഞ്ഞത്. പരിശോധനയിൽ ഡ്രൈവറുടെ ക്യാബിനിനോട് ചേർന്നുള്ള രഹസ്യ അറയിൽ 57 ബാഗുകളിൽ പൊതിഞ്ഞ് ഒളിപ്പിച്ച ചന്ദനം പൊലീസ് കണ്ടെത്തുകയായിരുന്നു.
Post Your Comments