തിരുവനന്തപുരം : ട്രെയിനിൽ വെച്ച് കൈ കഴുകുന്നതിനിടെ പുറത്തേക്ക് തെറിച്ചുവീണ് പരിക്കേറ്റ 19കാരിക്ക് ദാരുണാന്ത്യം. വീഴ്ചയിൽ പെൺകുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വർക്കല ഇടവ കാപ്പിൽ മൂന്നുമൂല വീട്ടിൽ രേവതി (19) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 8.30 മണിയോടെ ആയിരുന്നു പെൺകുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. ജൂലൈ 29 ന് വൈകിട്ട് 4.15 ന് ആയിരുന്നു രേവതിക്ക് അപകടം സംഭവിച്ചത്.
ഗുരുതര പരിക്കുകളെ തുടർന്ന് പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടെ ആയിരുന്നു രേവതി ട്രെയിനിൽ നിന്നും വീണത്. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ പോർബന്തർ കൊച്ചുവേളി എക്സ്പ്രസ് പരവൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.
കൈ കഴുകുന്നതിനിടയിൽ പുറത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു എന്നാണ് ഈ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച കൊല്ലം വാടി സ്വദേശി സൂരജ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. രേവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സൂരജും ട്രെയിനിൽ നിന്ന് വീഴുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു.
Post Your Comments