രാജ്യത്ത് 9.5 കോടി ആയുഷ്മാൻ ഭാരത് കാർഡുകൾ വിതരണം ചെയ്ത് കേന്ദ്രസർക്കാർ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആയുഷ്മാൻ കാർഡുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആയുഷ്മാൻ ഭാരത് കാർഡ് ഉടമകളിൽ 49 ശതമാനവും സ്ത്രീകളാണ്. കൂടാതെ, ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പ്രകാരം, 141 ആരോഗ്യ പാക്കേജുകൾ സ്ത്രീകൾക്ക് മാത്രമായി കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ആരോഗ്യ സഹമന്ത്രി എസ്.പി സിംഗ് ബാഗേൽ പുറത്തുവിട്ടിട്ടുണ്ട്.
ആയുഷ്മാൻ ഭാരത് കാർഡിന് കീഴിൽ ഓരോ വർഷവും ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയാണ് കേന്ദ്രസർക്കാർ ഉറപ്പുവരുത്തുന്നത്. ആയുഷ്മാൻ ഭാരത് കാർഡുകളുടെ സ്വീകാര്യത വർദ്ധിച്ചതോടെ, ഗുണഭോക്താക്കളുടെ എണ്ണം വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം, ഈ വർഷം ഡിസംബർ 31-ന് മുൻപ് 1,50,000 ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ പ്രവർത്തനമാരംഭിക്കുന്നതാണ്. രാജ്യത്തെ പൗരന്മാർക്ക് സമഗ്രമായ പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ സ്ഥാപിക്കുന്നത്.
Post Your Comments