ന്യൂഡല്‍ഹി: വാരണാസിയിലെ ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട നിയമപോരാട്ടം തുടരവേ വിഷയത്തില്‍ പ്രതികരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗ്യാൻവാപി വിഷയത്തില്‍ സമാധാനമുണ്ടാകണമെങ്കില്‍ തെറ്റുപറ്റിയെന്ന് മുസ്ലീങ്ങള്‍ സമ്മതിക്കണമെന്നും ഹിന്ദുത്വവേരുകള്‍ വെളിപ്പെടുത്തുന്ന നിരവധി തെളിവുകള്‍ ഗ്യാൻവാപിയിലുണ്ടെന്നും യോഗി പറഞ്ഞു.
വാര്‍ത്താ ഏജൻസിയായ എ.എൻ.ഐയുടെ ‘പോഡ്കാസ്റ്റ് വിത്ത് സ്മിതപ്രകാശ്’ എന്ന പരിപാടിയിലാണ് യോഗിയുടെ പരാമര്‍ശം. ഗ്യാൻവാപിയിൽ ക്ഷേത്രമില്ലായിരുന്നുവെങ്കിൽ പിന്നെ മന്ദിരത്തിനുള്ളിലെ ഹൈന്ദവ ചിഹ്നങ്ങളായ ത്രിശൂലവും ജ്യോതിർലിംഗവും എവിടെ നിന്ന് വന്നുവെന്ന് യോഗി ചോദിച്ചു. ഗ്യാൻവാപിയിലെ തങ്ങളുടെ അവകാശവാദം ചരിത്രപരമായ വിഡ്ഢിത്തമാണെന്ന് മുസ്ലീം പക്ഷം അംഗീകരിക്കുകയാണ് വേണ്ടതെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഗ്യാൻവാപി-കാശി വിശ്വനാഥ് തര്‍ക്കത്തില്‍ പരിഹാരമുണ്ടോ എന്നായിരുന്നു അവതാരികയുടെ ചോദ്യം. ഗ്യാൻവാപിയെ പള്ളിയെന്ന് വിളിച്ചാല്‍ അത് വിവാദമാകും. ചരിത്രപരമായ തെറ്റിനെ മുസ്ലീം വിഭാഗത്തിന് അംഗീകരിക്കാനും തിരുത്താനുമുള്ള സമയമാണിതെന്നും എ.എൻ.ഐ എഡിറ്റര്‍ സ്മിത പ്രകാശുമായി സംസാരിക്കവെ യോഗി പറഞ്ഞു. ഗ്യാൻവാപിയിലുള്ള ഹിന്ദുത്വ അടയാളങ്ങള്‍ക്ക് കാരണമെന്താണെന്നും അതിനെകുറിച്ച് വിവരിക്കാൻ ആര്‍ക്കാണ് സാധിക്കുകയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.
‘ചിലർ ഗ്യാൻവാപിയെ മസ്ജിദ് എന്ന് വിളിക്കുമ്പോഴാണ് അവിടെ തർക്കം ഉടലെടുക്കുന്നത്. അത് മസ്ജിദാണെങ്കിൽ പിന്നെ എന്താണ് അതിനുള്ളിലെ ത്രിശൂലത്തിന്റെ സാംഗത്യം? മന്ദിരത്തിനുള്ളിൽ ജ്യോതിർലിംഗമുണ്ട്. കൂടാതെ, മന്ദിരത്തിനുള്ളിലും പുറത്തും ധാരാളം ദേവീ ദേവന്മാരുടെ വിഗ്രഹങ്ങളുണ്ട്. മസ്ജിദാണെന്ന് അവകാശവാദം ഉന്നയിക്കുന്നവർ ഇവയുടെയൊക്കെ സാംഗത്യം വിശദീകരിക്കണമെന്ന് യോഗി വ്യക്തമാക്കി.ചരിത്രപരമായ അബദ്ധം സംഭവിച്ചു.
ആ അബദ്ധത്തെ തിരുത്തണം എന്ന വിശദീകരണം വരേണ്ടത് മുസ്ലീം സമുദായത്തില്‍ നിന്നു തന്നെയാണെന്നാണ് ഞാൻ കരുതുന്നത്’ -യോഗി ആദിത്യനാഥ് പറഞ്ഞു.പ്രതിപക്ഷ സഖ്യത്തിന് ഇൻഡിയ എന്ന് പേര് നൽകിയതിനെയും യോഗി പരിഹസിച്ചു. കുപ്പായം മാറിയത് കൊണ്ടൊന്നും ഉള്ളിലെ ദുർഗന്ധം പോകില്ല. അതിന് ഉദ്ദേശശുദ്ധിയാണ് വേണ്ടത്. ഏതായാലും കോൺഗ്രസിനും കൂട്ടർക്കും ഇപ്പോൾ അത് ഇല്ല എന്നായിരുന്നു യോഗിയുടെ പരിഹാസം.
Post Your Comments