Latest NewsKeralaNewsIndia

‘ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരള പൊലീസ്, ആ മകളോട് മാപ്പ് പറയാൻ യോഗ്യർ അവർ മാത്രം’: പദ്മകുമാർ

കൊച്ചി: ആലുവയിൽ അഞ്ചു വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനും കേരള പോലീസിനും നേരെ കടുത്ത വിമർശനമാണ് ഉയർന്നത്. പോലീസിന്റെ പിടിപ്പുകേടുകൊണ്ടാണ് കുട്ടിയെ ജീവനോടെ കണ്ടെത്താൻ കഴിയാതെ വന്നതെന്ന് സോഷ്യൽ മീഡിയയും രാഷ്ട്രീയ നേതാക്കളും വിമർശിച്ചിരുന്നു. ഇപ്പോഴിതാ, പൊലീസുകാരെ പിന്തുണച്ച് സംവിധായകൻ പദ്മകുമാർ രംഗത്ത്. പരാതി ലഭിച്ചത് മുതൽ പോലീസുകാർ അവളെ കണ്ടെത്താനുള്ള തിരച്ചിലിൽ ആയിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.

‘നമ്മൾ മൂടി പുതച്ച് കൂർക്കം വലിച്ചുറങ്ങിയ ആ രാത്രി മുഴുവൻ അവളെ കണ്ടെത്താൻ കൊച്ചി നഗരമാകെ അലയുകയായിരുന്നു പൊലീസുകാർ. പൊലീസ് എന്നത് എന്റെയും നിങ്ങളുടെയുമെല്ലാം വീട്ടിൽ നിന്ന് ആ യൂനിഫോമുമിട്ട് ജോലിക്ക് പോകുന്ന പച്ചയായ മനുഷ്യർ തന്നെയാണ്. നമ്മളെപ്പോലെയല്ല അവരുടെ ജോലി. നൂറുകണക്കിന് ക്രിമിനലുകളെയാണ് അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ആ റിസ്കിൽ അറിഞ്ഞും അറിയാതെയും വീഴ്ചകൾ സംഭവിക്കാം. മനുഷ്യത്വ രഹിതമായി അകാരണമായി എല്ലാറ്റിന്റെയും കുറ്റം ചുമത്തി അധിക്ഷേപിക്കരുത്. ആരു ഭരിച്ചാലും എന്തെല്ലാം പോരായ്മകളവർക്ക് ചാർത്തിയാലും ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരള പൊലീസ്’, പദ്മകുമാർ ഫേസ്‌ബുക്കിൽ എഴുതി.

പദ്മകുമാർ ഫേസ്‌ബുക്കിൽ പങ്കുവെച്ചതിങ്ങനെ;

മൂന്നു മണിക്ക് കാണാതായ കുട്ടി നാലരക്ക് മുമ്പേ കൊല്ലപ്പെടുന്നു… രാത്രി ഏഴ് മണിക്ക് പൊലീസിന് മിസ്സിംഗ് കേസിൽ പരാതി ലഭിക്കുന്നു. അന്യസംസ്ഥാനക്കാരനായിട്ടും രണ്ട് മണിക്കൂറിനകം പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നു.
മയക്കുമരുന്ന് ലഹരിയിലായിരുന്ന പ്രതിയിൽ നിന്ന് കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് പാടുപെടുന്നു. നമ്മൾ മൂടി പുതച്ച് കൂർക്കം വലിചുറങ്ങിയ ആ രാത്രി മുഴുവൻ അവളെ കണ്ടെത്താൻ കൊച്ചി നഗരമാകെ അലയുകയായിരുന്നു പൊലീസുകാർ: നിരന്തരമായ ചോദ്യം ചെയ്യലിൽ നിന്നും കുട്ടിയെ ഉപേക്ഷിച്ച ലൊക്കേഷൻ പുലർച്ചയോടെ പൊലീസ് ഐഡന്റിഫൈ ചെയ്യുന്നു.. അടുത്ത പ്രഭാതത്തിൽ തന്നെ കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ അവിടത്തെ തൊഴിലാളികളുടെ സഹായത്തോടെ കണ്ടെത്തുന്നു. ഇത്രയും പണി പോലീസ് എടുത്തതാണ്.
വീട്ടിലും ഓഫീസിലും കോഴിക്കാലും കടിച്ചുവലിച്ചിരുന്ന് മൊബൈലിൽ പൊലീസിനെ പള്ള് പറഞ്ഞ് ലൈക്കും ഷെയറും കാത്തിരിക്കുന്ന മാപ്രകളും കേരള പൊലീസ് വിരോധികൾക്കും ആ കുട്ടിയെ കാണാതാകുന്നതിനും ഒരു രണ്ട് മണിക്കൂർ മുമ്പെങ്കിലും ആലുവ മാർക്കറ്റിന് പിറകിലെ മാലിന്യം തള്ളുന്ന സ്ഥലത്ത് കാത്തിരിക്കാമായിരുന്നില്ലേ..? അവിടെ ഇരുന്നാലും വ്യാജ വാർത്തകൾ അടിച്ച് വിടുന്നതിനോ സോഷ്യൽ മീഡിയയിൽ ഉറഞ്ഞു തുള്ളുന്നതിനോ തടസ്സമൊന്നും ഉണ്ടാവുകയുമില്ലായിരുന്നില്ലല്ലോ? എങ്കിൽ പ്രതി കുട്ടിയെ അങ്ങോട്ട് കൊണ്ടുവരുമ്പോൾ രക്ഷപ്പെടുത്തുകയും ചെയ്യാമായിരുന്നില്ലേ നിങ്ങൾക്കെല്ലാം കൂടി?
പൊലീസ് എന്നത് എന്റെയും നിങ്ങളുടെയുമെല്ലാം വീട്ടിൽ നിന്ന് ആ യൂനിഫോമുമിട്ട് ജോലിക്ക് പോകുന്ന പച്ചയായ മനുഷ്യർ തന്നെയാണ്. അവരും അച്ചനും അമ്മയും മക്കളും പേരകുട്ടികളുമെല്ലാം ഉള്ള നമ്മുടെ കൂട്ടത്തിലുള്ളവരാണ്. നമ്മളെപ്പോലെയല്ല അവരുടെ ജോലി. ദിവസവും വെത്യസ്ഥ സ്വഭാവമുള്ള നൂറുകണക്കിന് ക്രിമിനലുകളെയാണ് അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ആ റിസ്കിൽ അറിഞ്ഞും അറിയാതെയും വീഴ്ചകൾ സംഭവിക്കാം.. അതിനെ വിമർശിക്കുകയും ആവാം. പക്ഷേ മനുഷ്യത്വ രഹിതമായി അകാരണമായി എല്ലാറ്റിന്റെയും കുറ്റം ചുമത്തി അധിക്ഷേപിക്കരുത്. ആരു ഭരിച്ചാലും എന്തെല്ലാം പോരായ്മകളവർക്ക് ചാർത്തിയാലും ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരള പൊലീസ്.
ഇന്നലെ മാപ്പ് മകളേ… നിനക്കു വേണ്ടിയുള്ള ഞങ്ങളുടെ ശ്രമങ്ങൾ പാഴായി പോയല്ലോ എന്നെഴുതാൻ ഏറ്റവും യോഗ്യരായ മനുഷ്യർ പൊലീസുകാർ മാത്രമാണ്. അല്ലാതെ നമ്മളല്ല…

shortlink

Related Articles

Post Your Comments

Related Articles


Back to top button