കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപ് കുറ്റവാളിയാണെന്ന് പറയാൻ തനിക്ക് ഉറപ്പില്ലെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. വ്യക്തിപരമായി ഒരാളെയും ജഡ്ജ് ചെയ്യാൻ തനിക്കാവില്ലെന്നും ദിലീപിന് എതിരെ ആൾക്കൂട്ട വിധിയാണ് നടന്നതെന്നും മുരളി ഗോപി ചൂണ്ടിക്കാട്ടി. ന്യൂഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സിൽ ആയിരുന്നു മുരളി ഗോപിയുടെ അഭിപ്രായ പ്രകടനം.
‘ഞാൻ വ്യക്തിപരമായി ഒരാളെയും ജഡ്ജ് ചെയ്യില്ല. അത് ചെയ്തതിന് പിന്നിൽ ദിലീപാണ് എന്നതിൽ എനിക്ക് ഒരു ഉറപ്പുമില്ലല്ലോ. ആർക്കും ഇല്ലല്ലോ. ഇപ്പോ പറയുന്ന ആർക്കാണ് ഉറപ്പുള്ളത്. തെറ്റുകാരനാണെന്ന് തെളിയാത്ത ഒരാൾക്കെതിരെ തിരിയുന്നത് ശരിയാണോ? ഈ പറയുന്നതിൽ പൊളിറ്റിക്കൽ കറക്‌ട്‌നസ് ഇല്ല. വിധി വന്നാലെ ഇതിൽ എന്തെങ്കിലും പ്രതികരിക്കാനാവൂ. ആരോപണം എന്നു പറയുന്നത് വിധി പ്രസ്താവമായി കാണാനാകില്ല. ആൾക്കൂട്ട വിധിയാണ് ദിലീപിനെതിരെ നടന്നത്. അന്ന് കൂവിയ ആൾക്കാർക്കൊപ്പം നിൽക്കാനാവില്ലല്ലോ?.
കമ്മാര സംഭവം സിനിമ ഷൂട്ട് ചെയ്ത് പകുതിയായപ്പോഴാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. ആരോപണ വിധേയനാണ് എന്നതിന്റെ പേരിൽ ദിലീപിനൊപ്പം വർക്ക് ചെയ്യുന്നതിൽ ബുദ്ധിമുട്ടില്ല. അക്രമണത്തിന് ഇരയായ നടിയെ ഞാൻ ബഹുമാനിക്കുന്നുണ്ട്. എന്നാൽ അരോപണവിധേയനൊപ്പം ജോലി ചെയ്യണോ എന്നത് തികച്ചും വ്യത്യസ്തമായ വിഷയമാണ്’, മുരളി ഗോപി പറഞ്ഞു.
താന്‍ വലുതുപക്ഷവിരുദ്ധനാണെന്നും മുഖ്യധാര ഇടതുപക്ഷത്തെ നഖശിഖാന്തം വിമര്‍ശിക്കുന്നത് തുടരുമെന്നും അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. അച്ഛന്‍ ഭരത് ഗോപി ബി.ജെ.പി രാഷ്ട്രീയം തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും ആ തീരുമാനത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും പറഞ്ഞ മുരളി ഗോപി, ബി.ജെ.പി രാഷ്ട്രീയം പിന്തുടരാന്‍ താൻ ഇല്ലെന്നും വ്യക്തമാക്കി.
‘ആര്‍എസ്എസ് ശാഖ ഞാന്‍ വളര്‍ന്ന സ്ഥലങ്ങളില്‍ ഉള്ളതാണ്. എന്നാല്‍ ഞാന്‍ ഒറ്റ മലയാള സിനിമയിലും ആര്‍എസ്എസ് ശാഖ കണ്ടിട്ടില്ല. എന്തുകൊണ്ടാണ്?. അര്‍എസ്എസ് ഈ സൊസൈറ്റിയുടെ ഭാഗമല്ല എന്നതുകൊണ്ടായിരുന്നോ?. ഞാന്‍ എന്റെ സിനിമയില്‍ അത് കാണിക്കും. ഈ അടുത്ത കാലത്ത് എന്ന സിനിമയില്‍ മാത്രമാണ് ആദ്യമായി ആര്‍എസ്എസ് ശാഖ കാണിച്ചത്. എന്റെ സിനിമകള്‍ ഫാസിസ്റ്റ് ശക്തികളെയാണ് വിമര്‍ശിക്കുന്നത്. ടിയാന്‍ വലതുപക്ഷ വിരുദ്ധ സിനിമയാണ്. ഫാസിസമെന്നത് വലതുപക്ഷത്തിന്റെ മാത്രം കുത്തകയല്ല. മുഖ്യധാര ഇടതുപക്ഷത്തും ഫാസിസത്തിന്റെ അംശങ്ങള്‍ ഉണ്ട്. ലെഫ്റ്റ് ആന്‍ഡ് റൈറ്റ് സിനിമയില്‍ താന്‍ ഒരു രാഷ്ട്രീയനേതാവിനെയും എടുത്ത് പറഞ്ഞിട്ടില്ല’, മുരളി ഗോപി പറഞ്ഞു.
Post Your Comments