കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരി ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനും സാംസ്കാരിക നായകർക്കുമെതിരെ രൂക്ഷ വിമർശനവുമായി നടൻ കൃഷ്ണ കുമാർ. മണിപ്പൂരിലോ കശ്മീരിലോ, പേരുപോലുമറിയാത്ത ഏതെങ്കിലും ഉൾനാടൻ വടക്കേ ഇന്ത്യൻ ഗ്രാമത്തിലോ നടക്കുന്ന ഒരു പീഡന വാർത്ത വളഞ്ഞൊടിഞ്ഞ് ഇവിടെയെത്തുമ്പോൾ മെഴുകുതിരി കത്തിക്കാൻ തീപ്പെട്ടി തപ്പുന്ന പ്രബുദ്ധ മലയാളികളെ ഇപ്പോൾ കാണുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കൃഷ്ണ കുമാർ.
ഒന്നുരണ്ടാഴ്ചകൾക്കു മുൻപ്, അപമാന ഭാരം കൊണ്ട് താണുപോയ ഇവിടുത്തെയൊരു പ്രമുഖ സിനിമാനടന്റെ തല അതിനുശേഷമോ ഇപ്പോഴോ, പഴയ സ്ഥാനത്ത് പൊങ്ങിവന്നതായി നാമിപ്പോൾ കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. സുരാജ് വെഞ്ഞാറമൂടിന് പരോക്ഷമായി വിമർശിക്കുകയായിരുന്നു കൃഷ്ണ കുമാർ. മണിപ്പൂർ വിഷയത്തിൽ ‘അപമാന ഭാരം കൊണ്ട് തന്റെ തല താണുപോകുന്നു’ എന്ന് സുരാജ് ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.
അതേസമയം, കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ പേരിൽ രാഷ്ട്രീയപ്പോര് കടുക്കുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പരസ്പരം പഴിചാരിയാണ് രാഷ്ട്രീയ പാർട്ടികളുടെ മത്സരം. പൊലീസ് അനാസ്ഥയ്ക്കെതിരെ കോൺഗ്രസ്, ആലുവ പൊലീസ് സ്റ്റേഷൻ മാർച്ചും ബ്ലോക്ക് തലത്തിൽ പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. കോൺഗ്രസ് ഭരിക്കുന്ന നഗരസഭയുടെ വീഴ്ച ആരോപിച്ചാണ് ഇടതു മുന്നണിയുടെ പ്രതിരോധം. പ്രതിഷേധവുമായി നഗരസഭയിലേക്കാണ് എൽ ഡി എഫ് മാർച്ച് നടത്തുക.
കൊല്ലപ്പെട്ട കുട്ടിയുടെ പൊതുദർശനത്തിനും, സംസ്കാരചടങ്ങുകൾക്കും സർക്കാർ പ്രതിനിധികൾ എത്താത്തതിൽ ഏറെ വിമർശനം ഉയർന്നിരുന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവോ, ജില്ലാ കളക്ടറോ പോലും എത്താത്തതിൽ പ്രതിഷേധം വ്യക്തമാക്കി ഡി സി സി അധ്യക്ഷൻ രംഗത്തെത്തിയിരുന്നു. വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടിൽ ഞായറാഴ്ച രാത്രി മന്ത്രി വീണാ ജോർജ്ജും ജില്ലാ കളക്ടറും എത്തി.
Post Your Comments