തിരുവനന്തപുരം: ആലുവയില്‍ അസം സ്വദേശിനിയായ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊല ചെയ്ത സംഭവം കേരളത്തില്‍ നടക്കുന്ന ദാരുണമായ കുറ്റകൃത്യങ്ങളുടെ ഏറ്റവും ഒടുവിലത്തേതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. സംസ്ഥാനത്ത് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Read Also: പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ ആശുപത്രിയിൽ
‘ക്രമസമാധാനം പൂര്‍ണമായും തകര്‍ന്ന നാട്ടില്‍ ജനങ്ങള്‍ എല്ലാം ഭയത്തോടെയാണ് ജീവിക്കുന്നത്. ഇവിടെ മുഖ്യമന്ത്രിക്കും സിപിഎം നേതാക്കള്‍ക്കും ഒഴികെ ആര്‍ക്കും ഒരു സുരക്ഷയുമില്ല. പിണറായി വിജയന്റെ ഭരണത്തില്‍ ജനങ്ങള്‍ അരക്ഷിതാവസ്ഥയിലാണ്. പട്ടാപ്പകല്‍ കുട്ടികളെ കടത്തികൊണ്ടു പോയി കൊല ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. സ്ത്രീകള്‍ക്ക് പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് കേരളത്തിലെ നഗരങ്ങളിലുള്ളത്. ലോകത്തെവിടെയും കാണാത്ത തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ട നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ഇരയായത്. ഏത് നിമിഷവും ആക്രമിക്കപ്പെടുമെന്ന ഭീതിയിലാണ് ജനങ്ങള്‍ കഴിയുന്നത്’.
‘എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് ഭരണത്തില്‍ വന്ന പിണറായി വിജയന് സംസ്ഥാനത്ത് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള അവസരം ഇല്ലാതാക്കിയിരിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള ഒരു വിവരവും സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ ഇല്ല. ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞുകയറിയ നിരവധി പേര് കേരളത്തിലുണ്ട്. വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി അവരെ പ്രീണിപ്പിക്കുന്ന നിലപാട് സര്‍ക്കാര്‍ ഉപേക്ഷിച്ചില്ലെങ്കില്‍ കേരളം മറ്റൊരു ബംഗാളാകുമെന്നുറപ്പാണ്. ഒരു വിഭാഗം ജനങ്ങളെ അവരുടെ ആരാധനാലയത്തിന് മുമ്പിലിട്ട് പച്ചയ്ക്ക് കെട്ടിതൂക്കുമെന്ന് മതതീവ്രവാദികള്‍ പരസ്യമായി മുദ്രാവാക്യം മുഴക്കുന്ന സംസ്ഥാനമായി കേരളം മാറി. ഭരണകക്ഷിയിലെ പ്രധാനപ്പെട്ട നേതാക്കള്‍ കൊലവിളി പ്രസംഗം തുടരുകയാണ്. സ്പീക്കറെ പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഒരു വിഭാഗത്തെ പരസ്യമായി അവഹേളിക്കുകയാണ്. ഏത് നിമിഷവും തങ്ങള്‍ അക്രമിക്കപ്പെടുമെന്ന മാനസികനിലയിലേക്ക് ജനങ്ങളെ തള്ളിവിടുന്ന ഭരണകൂടമാണ് കേരളത്തിലുള്ളത്’, കെ.സുരേന്ദ്രന് പറഞ്ഞു.
Post Your Comments