KeralaLatest NewsNews

ഇസ്രായേലിലേക്ക് തീര്‍ത്ഥാടനത്തിന് പോയ ഏഴ് മലയാളികളെ കാണാതായി

ജെറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ നിന്നും പുറത്തിറങ്ങിയ ഇവരെ കാണാതാകുകയായിരുന്നു

മലപ്പുറം: ഇസ്രായേലിലേക്ക് തീര്‍ത്ഥാടനത്തിന് പോയ മലയാളി സംഘത്തിലെ ഏഴുപേരെ കാണാനില്ലെന്ന് പരാതി. ഇതേത്തുടര്‍ന്ന് ബാക്കിയുള്ള 31 പേരെ ഇസ്രായേലില്‍ തടഞ്ഞുവെച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള നാലു പേരെയും കൊല്ലത്തു നിന്നുള്ള മൂന്നുപേരെയുമാണ് കാണാതായത്. ഇവരില്‍ രണ്ട് സ്ത്രീകളുമുള്‍പ്പെടുന്നു. ഇവര്‍ ജോലിക്കായി മുങ്ങിയതാണെന്ന് സംശയിക്കുന്നുവെന്ന് ഇവരെ കൊണ്ടുപോയ മലപ്പുറം ഗ്രീന്‍ ഒയാസിസ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍ സര്‍വീസസ് പറയുന്നു.

Read Also: പി​ക്ക​പ്പി​ല്‍ ത​ടി ക​യ​റ്റി വാ​ഹ​നം മു​ന്നോ​ട്ടു എ​ടുക്കു​ന്ന​തി​നി​ടെ ഹുക്കി​ല്‍ കു​രു​ങ്ങി തൊ​ഴി​ലാ​ളി മരിച്ചു

തിരുവനന്തപുരം സ്വദേശികളായ മൂങ്ങോട് കുളമുട്ടം കുന്നില്‍ വീട്ടില്‍ നസീര്‍ അബ്ദുള്‍ റബ്, മിതിര്‍മ്മല പാകിസ്താന്‍മുക്ക് ഇടവിള വീട്ടില്‍ ഷാജഹാന്‍ അബ്ദുള്‍ ഷുക്കൂര്‍, മണമ്പൂര്‍ കുളമുട്ടം അഹമ്മദ് മന്‍സില്‍ ഹക്കിം അബ്ദുള്‍ റബ്, മൂങ്ങോട് കുളമുട്ടം ഒലിപ്പില്‍ വീട്ടില്‍ ഷാജഹാന്‍ കിതര്‍ മുഹമ്മദ്, കൊല്ലം സ്വദേശികളായ അയര്‍കുഴി പാലക്കല്‍ കടക്കല്‍ ഷഫീഖ് മന്‍സിലില്‍ ബീഗം ഫാന്റാസിയ, പെരുമ്പുഴ ചിറയടി ഷാഹിനാസ് സ്നേഹതീരം നവാസ് സുലൈമാന്‍ കുഞ്ഞ്, ഭാര്യ ബിന്‍സി ബദറുദ്ദീന്‍ എന്നിവരെയാണ് കാണാതായത്.

പതിവായി തീര്‍ഥാടന യാത്രകള്‍ നടത്തുന്ന ടൂര്‍ കമ്പനിയാണ് ഗ്രീന്‍ ഒയാസിസ്. ചൊവ്വാഴ്ച കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാണ് 47 പേരടങ്ങുന്ന സംഘം ജോര്‍ദാന്‍, ഇസ്രായേല്‍, ഈജിപ്ത് എന്നിവടങ്ങളില്‍പ്പെടുന്ന വിശുദ്ധനാട്ടിലേക്ക് പുറപ്പെട്ടത്. സംഘം വ്യാഴാഴ്ച ജോര്‍ദാനിലെത്തി. ഒമ്പതുപേര്‍ക്ക് ഇസ്രായേലില്‍ പ്രവേശിക്കാന്‍ വിസ കിട്ടിയില്ല. ബാക്കി 38 പേര്‍ ഇസ്രായേലിലെത്തി. ജെറുസലേമിലെ അല്‍ അഖ്സ പള്ളിയില്‍ എത്തിയപ്പോള്‍ ശൗചാലയത്തില്‍ പോകണമെന്നും മറ്റ് അത്യാവശ്യങ്ങളുണ്ടെന്നും ട്രാവല്‍ ഏജന്‍സി പ്രതിനിധികളോട് പറഞ്ഞ് ഇവരില്‍ പലരും പുറത്തിറങ്ങി. ഇതില്‍ ഏഴുപേരാണ് തിരിച്ചെത്താതിരുന്നത്. ഇതോടെ സംഘത്തിലെ ബാക്കിയുള്ളവരെ ഇസ്രായേല്‍ ടൂര്‍ കമ്പനി തടഞ്ഞുവെയ്ക്കുകയായിരുന്നു. ഈ കമ്പനിയുമായുള്ള ധാരണയിലാണ് ഗ്രീന്‍ ഒയാസിസ് യാത്രകള്‍ സംഘടിപ്പിച്ചിരുന്നത്.

12 സ്ത്രീകളും കുട്ടികളുമടക്കം 31 പേരെയാണ് തടഞ്ഞുവെച്ചത്. ഇവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായും അവരുടെ താമസം, ഭക്ഷണം, മറ്റു സേവനങ്ങള്‍ എന്നിവ നിര്‍ത്തിവെച്ചിരിക്കുന്നതായും ട്രാവല്‍ ഏജന്‍സിക്കാര്‍ പറയുന്നു. കാണാതായവരെ കണ്ടെത്തി കൊടുത്തില്ലെങ്കില്‍ ഒരാള്‍ക്ക് 15000 ഡോളര്‍ (ഏകദേശം 12 ലക്ഷം രൂപ) പിഴ അടയ്ക്കണമെന്ന് ഇസ്രായേല്‍ കമ്പനി ആവശ്യപ്പെടുന്നുണ്ട്. ഇസ്രായേലിലേക്ക് വിസ കിട്ടാതിരുന്ന ഒമ്പതുപേരില്‍ അഞ്ചുപേര്‍ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തി. ബാക്കി നാലുപേര്‍ കപ്പലില്‍ ഈജിപ്തിലേക്ക് പോയി. കാണാതായ ഏഴുപേരും സുലൈമാന്‍ എന്ന സോളമന്‍ മുഖേനയാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് ട്രാവല്‍ ഏജന്‍സിക്കാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button