ഉത്തരവിൽ അക്ഷരപ്പിശക് വന്നതോടെ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം വീണ്ടും അനിശ്ചിതത്വത്തിൽ. ജൂണിലെ ശമ്പളത്തിന്റെ രണ്ടാം ഗഡുവാണ് വിതരണം ചെയ്യേണ്ടിയിരുന്നത്. സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പിശക് വന്നതോടെ, ശമ്പള വിതരണം വീണ്ടും വൈകുകയാണ്. ജൂണിലെ രണ്ടാം ശമ്പളം എന്നാണ് ഉത്തരവിൽ നൽകേണ്ടിയിരുന്നത്. എന്നാൽ, ജൂലൈയിലെ ശമ്പളം നൽകാനുള്ള സാമ്പത്തിക സഹായമെന്ന് തെറ്റായിട്ടാണ് ഉത്തരവിൽ രേഖപ്പെടുത്തിയത്.
അധികൃതരുടെ ഭാഗത്തുനിന്നും പിശക് വന്നതോടെ, ഇന്ന് വീണ്ടും പുതിയ ഉത്തരവ് ഇറക്കാൻ കെഎസ്ആർടിസി തീരുമാനിച്ചിട്ടുണ്ട്. ഉത്തരവ് ഇറക്കുന്ന പക്ഷം, വേഗത്തിൽ തന്നെ തുക കൈമാറാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ശമ്പള വിതരണത്തിന് 8 കോടി രൂപയാണ് ഓവർ ഡ്രാഫ്റ്റായി സമാഹരിച്ചിട്ടുള്ളത്. അതേസമയം, 36 കോടി രൂപയാണ് ശമ്പള വിതരണത്തിന് ആവശ്യമായ തുക. സമാനമായ രീതിയിൽ ജൂൺ മാസത്തിലെ ആദ്യ ശമ്പളം വിതരണം ചെയ്യുന്നതിലും പിഴവ് സംഭവിച്ചിരുന്നു. അന്ന് ഇറക്കിയ ഉത്തരവിൽ അക്കൗണ്ട് വിവരങ്ങൾ തെറ്റായാണ് രേഖപ്പെടുത്തിയത്. ഇവ തിരുത്തിയതിനുശേഷമാണ് ഒന്നാം ഗഡു കൈമാറിയത്.
Also Read: മാർച്ച് മുതൽ തുടർച്ചയായി പണം നഷ്ടപ്പെടുന്നു, മോഷ്ടിച്ചത് വീട്ടുജോലിക്കാരി; മാപ്പ് നൽകി നടി ശോഭന
Post Your Comments