ഇംഫാൽ: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും ലൈംഗികാതിക്രമത്തിന് വിധേയരാക്കുകയും ചെയ്ത കേസിൽ അന്വേഷണം സിബിഐ ഏറ്റെടുത്തു. സംഭവത്തിൽ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജൂലൈ 27 നാണ് കേന്ദ്രസർക്കാർ കേസ് സിബിഐക്ക് കൈമാറിയത്.
മണിപ്പൂരിലെ തൗബാൽ ജില്ലയിൽ മെയ് 4ന് നടന്ന സംഭവത്തിന്റെ വീഡിയോ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്നതോടെ രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചത്. ഇതോടെയാണ് കേന്ദ്രസർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. കൊലപാതകം, കൂട്ടബലാത്സംഗം, ബലാല്‍ക്കാരമായ അപമാനിക്കൽ, ക്രിമിനൽ ആക്രമണം എന്നീ കുറ്റങ്ങളാണ് സിബിഐ എഫ്‌ഐആറിൽ ചുമത്തിയിരിക്കുന്നത്.
ഫോറൻസിക് വിദഗ്ധരെ കൂടാതെ, കേസന്വേഷണത്തിനായി വനിതാ ഉദ്യോഗസ്ഥരെ കൂടി അയക്കുമെന്ന് സിബിഐ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നിലവിൽ ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, കൂടാതെ വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോണും കണ്ടെടുത്തു. പ്രതികളെ കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്യും.
Post Your Comments