Latest NewsKeralaNews

അധികാരം ദുരുപയോഗം ചെയ്ത ബിന്ദു ഉന്നത വിദ്യാഭ്യാസമേഖല എകെജി സെന്ററാക്കി മാറ്റി: വിമർശനവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അധികാരം ദുരുപയോഗം ചെയ്ത ബിന്ദു ഉന്നത വിദ്യാഭ്യാസമേഖല എകെജി സെന്ററാക്കി മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ നിയമനത്തിനുള്ള പട്ടികയിൽ ആർ ബിന്ദുവിന്റെ നിർദേശത്തോടെ അട്ടിമറി നടന്നത് വേലി തന്നെ വിളവ് തിന്നുന്നതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: കുഞ്ഞിനെ കൊന്നത് മാനഹാനി ഭയന്ന്: കരക്കടിഞ്ഞ നവജാത ശിശുവിൻ്റെ മൃതദേഹം തെരുവ്നായ കടിച്ചുവലിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്

പാർട്ടി കേഡർമാരായ സ്വന്തക്കാർക്ക് മെറിറ്റിന്റെ അടിസ്ഥാനത്തിൽ നിയമനം കിട്ടാതായപ്പോൾ പട്ടിക തിരുത്തിച്ച് അനർഹരെ കുത്തി നിറച്ച മന്ത്രിക്ക് ഇനിയും ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല. ഡിപ്പാർട്ട്മെന്റൽ പ്രൊമോഷൻ കമ്മിറ്റി അംഗീകരിച്ച് നിയമനത്തിനായി സമർപ്പിച്ച ശുപാർശ ഫയലിലെ 43 പേരുടെ നിയമനം നടത്താതെ തടഞ്ഞുവെക്കാൻ ബിന്ദുവിന് അധികാരമില്ല. മന്ത്രി നടത്തിയത് നഗ്നമായ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാത സമീപനവുമാണെന്നും അദ്ദേഹം വിമർശിച്ചു.

മാർക്ക് ലിസ്റ്റ് തട്ടിപ്പും വ്യാജ സർട്ടിഫിക്കറ്റ് വിതരണങ്ങളും അടക്കം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ എസ്എഫ്‌ഐ നാണംകെടുത്തുമ്പോഴാണ് മന്ത്രി തന്നെ നേരിട്ട് ഇറങ്ങി അഴിമതിക്ക് ചുക്കാൻ പിടിക്കുന്നത്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ ഇടപെടേണ്ട സംസ്ഥാന സർക്കാർ തകർച്ചയ്ക്ക് ആക്കംകൂട്ടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഓരോ സർവകലാശാലയിലും ഡിഗ്രിക്ക് പോലും പതിനായിരക്കണക്കിന് സീറ്റ് ഒഴിഞ്ഞു കിടക്കുന്നു എന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ് ആക്കും എന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി മൗനം വെടിയണം. അദ്ധ്യാപകരുടെയും അടിസ്ഥാന സൗകര്യത്തിന്റെയും കുറവു മൂലം കേരളത്തിലെ ഇരുനൂറോളം മെഡിക്കൽ സീറ്റുകൾ നഷ്ടമായി എന്നതും സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് വ്യക്തമാക്കുന്നു. എസ്എഫ്‌ഐ പോലുള്ള സംഘടനകളുടെ ഗുണ്ടായിസവും ഭീഷണിയുമാണ് വിദ്യാർത്ഥികളെ കേരളം വിടാൻ പ്രേരിപ്പിക്കുന്നത്. പതിനായിരക്കണക്കിന് സീറ്റിൽ ആളില്ലാതായതോടെ മറ്റൊരു വെള്ളാനയായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മാറുകയാണ്. കേരളത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠനത്തിന് അയൽ സംസ്ഥാനങ്ങളിലേക്ക് കുടിയേറുമ്പോൾ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കുമെന്ന് പ്രഖ്യാപിച്ച കേരളത്തിലേക്ക് അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഒരാൾ പോലും എത്തുന്നുമില്ല. ഇങ്ങനെയാണെങ്കിൽ എന്തിനാണ് ഒരു ഉന്നത വിദ്യാഭ്യാസ വകുപ്പെന്നും കെ സുരേന്ദ്രൻ ചോദിക്കുന്നു.

Read Also: ‘കൃഷ്ണനും രുക്മിണിയും ലൗ ജിഹാദ്’; വിവാദ പരാമർശത്തിൽ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറയ്ക്ക് അറസ്റ്റ് മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button