കൊച്ചി: മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് പിറന്നാൾ. ഈ അറുപതാം വയസിലും വേദനകൾ ചിരിയിലൊളിപ്പിച്ച് ചിത്ര പാടുകയാണ്. ജന്മദിനത്തിൽ ചിത്ര പങ്കിട്ട വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തങ്ങൾ ആകെ ആഘോഷിച്ചിരുന്നത് നന്ദനയുടെ പിറന്നാൾ ആയിരുന്നുവെന്ന് ചിത്ര ഓർത്തെടുക്കുന്നു. ഈ പിറന്നാൾ ദിനത്തിൽ തന്റെ വ്യക്തിജീവിതത്തിൽ സംഭവിച്ച ചില സന്ദർഭങ്ങൾ ഓർത്തെടുക്കുകയാണ് ചിത്ര.
‘ഞങ്ങൾ ആകെ ആഘോഷിച്ചിരുന്നത് നന്ദനയുടെ പിറന്നാൾ മാത്രമായിരുന്നു. ഞാൻ വല്ല ഹിമാലയത്തിലും പോയി ഒളിച്ചിരിക്കും എന്ന് ഓർത്തതാണ്. ഞാൻ സ്ഥലത്ത് ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞുനോക്കിയെങ്കിലും ഒരിക്കൽ പിറന്നാൾ ആഘോഷം തന്നിലേക്ക് വന്നുവീണു. ഒരിക്കൽ ഫ്‌ളൈറ്റ് താമസിച്ച സമയത്ത് വിദേശത്തുവച്ചിട്ടാണ് സംഭവം. രാവിലെ ഞാൻ ഡോർ തുറന്നു നോക്കിയപ്പോൾ എന്റെ ആദ്യ ഫാൻ വളർമതി എന്നെ വിഷ് ചെയ്യാൻ വന്നതാണ് ഇപ്പോഴും മനസ്സിൽ. ചേച്ചി പാടുന്ന കേട്ടിട്ടാണ് ഞാൻ പാട്ടുപാടിത്തുടങ്ങിയത്. പഠിക്കാൻ താനൊരു ആവറേജ് സ്റ്റുഡന്റ് ആയിരുന്നു. പാട്ടുടീച്ചർ ആകണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അച്ഛനായിരുന്നു തുടക്കസമയത്ത് കൂടെ വന്നിരുന്നത്. കണ്ണോട് കണ്ണായ സ്വപ്നങ്ങൾ ഇതായിരുന്നു ആദ്യ പാട്ട്.
എപ്പോഴും എന്റെ കൈയ്യിൽ ഗുരുവായൂരപ്പന്റെ ഒരു മോതിരം ഉണ്ടാകും. ടെൻഷൻ വരുമ്പോൾ അതിങ്ങനെ തിരിച്ചുകൊണ്ടേ ഇരിക്കും. ഗുരുവായൂരപ്പന്റെ കളഭവും, മൂകാംബികയുടെ കുങ്കുമവും നെറ്റിയിൽ ഇടുമ്പോൾ അതൊരു ധൈര്യമാണ്. വീട്ടിൽ വെറുതെ ഇരിക്കുന്ന ദിവസം ഉണ്ടെങ്കിൽ ഒന്ന് നടക്കാൻ പോകും. ഒട്ടും വഴങ്ങാത്ത സംഭവം പാചകം ആണ്. ഷുഗറും പ്രേഷറും ഒക്കെയുണ്ട്. എന്നാലും മധുരം കഴിക്കാതെ ഇരിക്കില്ല’, ചിത്ര ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Post Your Comments