
ക്ഷേത്രങ്ങളിലെ വഴിപാട് കൗണ്ടറുകളിൽ ഇനി യൂണിഫൈഡ് ഇന്റർഫേസ് പേയ്മെന്റ് (യുപിഐ) സംവിധാനം ഉപയോഗിച്ചും പണം അടയ്ക്കാൻ അവസരം. ആദ്യ ഘട്ടത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വഴിപാട് കൗണ്ടറുകളിലാണ് യുപിഐ വഴി പണം സ്വീകരിക്കുന്ന സംവിധാനം ഒരുക്കിയിട്ടുള്ളത്. ഒടിസി ഹനുമാൻ ക്ഷേത്രത്തിൽ ബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ യുപിഐ സേവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവഹിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെല്ലാം വഴിപാട് നടത്തുമ്പോൾ ഉള്ള തുക യുപിഐ വഴി സ്വീകരിക്കുന്നതാണ്. ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ ഏത് യുപിഐ അപ്ലിക്കേഷൻ മുഖാന്തരവും പണം അടയ്ക്കാൻ സാധിക്കും. നിലവിൽ, ശബരിമലയിൽ ഭക്തർക്ക് കാണിക്ക അർപ്പിക്കാൻ ഇ-കാണിക്ക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ക്ഷേത്രങ്ങളിലും യുപിഐ സംവിധാനം എത്തുന്നത്. രാജ്യത്തുടനീളം വൻ സ്വീകാര്യതയാണ് യുപിഐ പേയ്മെന്റ് സംവിധാനങ്ങൾക്ക് ഇതിനോടകം ലഭിച്ചിരിക്കുന്നത്.
Also Read: നാഗങ്ങള്‍ക്ക് പാലഭിഷേകം നടത്തിയാല്‍ വിപരീത ഫലം? കാരണം
Post Your Comments