തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായിരുന്നു. മനഃപൂർവ്വം മൈക്ക് തകരാറിൽ ആക്കുകയായിരുന്നുവെന്ന് ആരോപിച്ച് മൈക്ക് ഉടമയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ സംഭവത്തിൽ സോഷ്യൽ മീഡിയകളിൽ പരിഹാസമുയരുന്നു. ‘മൈക്കിനെ അറസ്റ്റ് ചെയ്യണം’ എന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്‌ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിക്കും കേരള പോലീസിനുമെതിരെയാണ് പരിഹാസമുയരുന്നത്.
‘മൈക്ക് ഇനി ജയിലിൽ പോകും, മൈക്കിന് പോലും പ്രതിഷേധം, മൈക്കിനെ ഒന്നുകിൽ ജീവപര്യന്തം അകത്തു ഇടണം അല്ലെങ്കിൽ തൂക്കികൊല്ലണം, മൈക്കിനെ അറസ്റ്റ് ചെയ്യുമോ, പുറത്തു വെച്ചിരുന്ന സ്പീക്കർ കൂട്ടുപ്രതിയാകുമോ?, അന്നേരം ഒരു പ്രതേക തരം ആക്ഷൻ എടുത്ത മതിയായിരുന്നു’, ഇങ്ങനെ പോകുന്നു മുഖ്യമന്ത്രിയെ പരിഹസിച്ചുകൊണ്ടുള്ള കമന്റ്.
അതേസമയം, പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രതി പ്രവർത്തിച്ചുവെന്നാണ് എഫ്ഐആറിലുള്ളത്. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്നമുണ്ടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു. മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത് മനപ്പൂര്‍വമാണോ അതോ സാങ്കേതിക പ്രശ്നമാണോ എന്നാണ് പരിശോധിക്കുക. പരിശോധനയ്ക്ക് ശേഷം മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ വിട്ട് കൊടുക്കുമെന്നും പൊലീസ് വിശദീകരിച്ചു.
Post Your Comments