
ന്യൂഡൽഹി: ഫേസ്‌ബുക്ക് സുഹൃത്തായ പാകിസ്ഥാൻ സ്വദേശിയെ വിവാഹം കഴിക്കാൻ ഇന്ത്യ വിട്ട രാജസ്ഥാൻ സ്വദേശിയായ യുവതിയെ തള്ളിപ്പറഞ്ഞ് കുടുംബം. പാക് സ്വദേശിയായ നസ്റുല്ലയെ വിവാഹം ചെയ്യാൻ അതിർത്തി കടന്ന് പാകിസ്ഥാനിലെത്തിയപ്പോൾ തന്നെ അവൾ തങ്ങൾക്ക് ആരുമല്ലാതായി മാറിയെന്നും, മരിച്ചതായി കണക്കാക്കുന്നുവെന്നും അഞ്‍ജുവിന്റെ പിതാവ് പറയുന്നു. അവളെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കില്ലെന്നും മകൾ പാകിസ്ഥാനിൽ കിടന്ന് മരിക്കട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘അവളുടെ മനസ്സിൽ എന്താണ് എന്ന് എനിക്കറിയില്ല. വീടുവിട്ടിറങ്ങിയ അവൾ ഇനി ഞങ്ങളുടെ ആരുമല്ല. ഞങ്ങൾക്ക് അവൾ മരിച്ചു. അവൾ മക്കളെക്കുറിച്ചോ ഭർത്താവിനെക്കുറിച്ചോ ചിന്തിച്ചിട്ടുപോലുമില്ല. അവൾ ചെയ്യുന്ന കാര്യങ്ങളിൽ താൻ ഇടപെടാറില്ലായിരുന്നു. അവൾക്ക് വീസ എപ്പോൾ ലഭിച്ചുവെന്ന് പോലും എനിക്ക് അറിയില്ല. ഇങ്ങനെ പോകാൻ ആഗ്രഹിച്ചിരുന്നുവെങ്കിൽ അവൾ ആദ്യം ഭർത്താവിനെ വിവാഹമോചനം ചെയ്യണമായിരുന്നു. ഇപ്പോൾ അവളുടെ ഭർത്താവിന്റെയും രണ്ട് കുട്ടികളുടെയും ജീവിതവും അവൾ തകർത്തിരിക്കുന്നു. അവരുടെ വളർത്തലിന്റെ ഉത്തരവാദിത്തം ഇപ്പോൾ ആർക്കാണ്?’, ഗ്വാളിയോറിൽ താമസിക്കുന്ന അഞ്ജുവിന്റെ അച്ഛൻ ഗയാ പ്രസാദ് തോമസ് പറഞ്ഞു.
ഫേസ്‌ബുക്ക് സുഹൃത്തിനെ കാണാൻ പാകിസ്ഥാനിലേക്ക് പോയ രാജസ്ഥാൻ അഞ്ജുവിന്റെ വിവാഹം കഴിഞ്ഞെന്ന റിപ്പോർട്ട് ഇന്നലെയാണ് പുറത്തുവന്നത്. വാഗാ അതിർത്തി വഴി നിയമപരമായാണ് അഞ്‍ജു പാകിസ്ഥാനിൽ എത്തിയത്. പാക് സ്വദേശി നസ്റുല്ലയെ വിവാഹം ചെയ്യാൻ അഞ്‍ജു മതം മാറി ഇസ്‌ലാമായി ഫാത്തിമ എന്ന പേരും സ്വീകരിച്ചുവെന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവന്നതോടെ ഇതിന്റെ ഞെട്ടലിലാണ് അഞ്ജുവിന്റെ ഭർത്താവും ബന്ധുക്കളും. അഞ്‍ജു തിരിച്ച് നാട്ടിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഭർത്താവ് അരവിന്ദ്.
നസ്‌റുല്ലയെ വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്നും വീസ അവസാനിക്കുന്ന ഓഗസ്റ്റ് 20ന് ഇന്ത്യയിലേക്ക് മടങ്ങുമെന്നായിരുന്നു അഞ്‍ജു ആദ്യം പറഞ്ഞിരുന്നത്. ഇതോടെ ഭാര്യ തിരിച്ച് വരുമെന്ന പ്രതീക്ഷയിൽ ഭർത്താവും, അമ്മയെ വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ മക്കളും കഴിയുകയായിരുന്നു. അഞ്ജുവിന് 15 വയസ്സുള്ള മകളും ആറ് വയസ്സുള്ള മകനുമാണുള്ളത്. ഇതിനിടെയാണ് നസ്റുല്ലയും അഞ്ജുവും തമ്മിലുള്ള വിവാഹം കഴിഞ്ഞുവെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. അപ്പർ ദിറിലെ ജില്ലാ കോടതിയിൽ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരും തമ്മിലുള്ള വീഡിയോയും സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നുണ്ട്.
മലകണ്ട് ഡിവിഷൻ ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ നസീർ മെഹ്മൂദ് സത്തി, അഞ്ജുവിന്റെയും നസ്റുല്ലയുടെയും വിവാഹം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഖൈബർ പഖ്തൂൺഖ്‌വയിലെ അപ്പർ ദിർ ജില്ലയിലെ 29 കാരനായ നസ്‌റുല്ലയുടെ വീട്ടിലാണ് അഞ്ജു ഇപ്പോൾ താമസിക്കുന്നത്. 2019ലാണ് നസ്‌റുല്ലയും അഞ്ജുവും ഫെയ്സ്ബുക്കിൽ സുഹൃത്തുക്കളായത്. ജയ്പൂരിലേക്ക് പോകുകയാണെന്ന് ഭർത്താവിനോട് കള്ളം പറഞ്ഞാണ് 34 കാരിയായ യുവതി വീടുവിട്ടിറങ്ങിയത്.
Post Your Comments