ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും അതിതീവ്രമായി, കേരളത്തില്‍ കനത്ത മഴ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇതിനിടെ, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും, വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി. അടുത്ത 24 മണിക്കൂറിനുള്ളില്‍ വീണ്ടും തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ച്, പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് , വടക്കന്‍ ആന്ധ്രാപ്രദേശ് – തെക്കന്‍ ഒഡിഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read Also: കളിക്കുന്നതിനിടെ ജനാലയുടെ കർട്ടൻ കഴുത്തിൽ കുരുങ്ങി: പതിനൊന്നുകാരന്‍ മരിച്ചു 

വടക്ക് പടിഞ്ഞാറന്‍ മധ്യപ്രദേശിന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. കച്ചിനു മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ജൂലൈ 25- 27 വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, ചൊവ്വാഴ്ച 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Share
Leave a Comment