വിഴിഞ്ഞം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ കബളിപ്പിച്ച് ലക്ഷങ്ങൾ കൈക്കലാക്കി മുങ്ങിയ ആൾ ഒരു വർഷത്തിനു ശേഷം അറസ്റ്റിൽ. വെള്ളറട അഞ്ചുമരങ്കാല കുഴിവിള വീട്ടിൽ ജയനെ(62)യാണ് അറസ്റ്റ് ചെയ്തത്.
തിരുവല്ലം, ബാലരാമപുരം എന്നിവിടങ്ങളിലായി നിരവധിപേർ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ട്. വവ്വാമൂല സ്വദേശികളായ യുവാക്കളിൽ നിന്നു ലക്ഷങ്ങൾ വാങ്ങിയ കേസിലാണ് ഇയാൾ പിടിയിലായത്.
വിദേശത്തെ തൊഴിൽ വീസക്കെന്ന പേരിൽ ഒരോരുത്തരിൽ നിന്നും ലക്ഷങ്ങൾ വാങ്ങിയ ജയൻ വിസിറ്റിംഗ് വീസ നൽകി കബളിപ്പിക്കുകയായിരുന്നു. ഇക്കാര്യമറിയാതെ വിദേശത്തെത്തിയ സംഘം ഏറെ കഷ്ടപ്പെട്ടാണ് ദിവസങ്ങൾക്കുള്ളിൽ നാട്ടിൽ തിരിച്ചെത്തിയത്. ഇവർ പണം തിരികെ ആവശ്യപ്പെട്ടതോടെ ഇയാൾ മുങ്ങി. തട്ടിപ്പിനെതിരെ യുവാക്കൾ ഒരു വർഷം മുൻപ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകി.
എറണാകുളത്തെ ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റിയായി ജോലി നോക്കുകയായിരുന്ന ജയനെ കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. വിഴിഞ്ഞം സിഐ പ്രജീഷ് ശശിയുടെ മേൽനോട്ടത്തിൽ എസ്ഐ വിനോദ്, സിപിഒമാരായ രാമു, ഷൈൻ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments