ലക്നൗ: ഭർത്താവിനെ ഉപേക്ഷിച്ച് നാലു മക്കളുമായി പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ സീമയെ കാമുകൻ സച്ചിൻ ഉപദ്രവിക്കുമായിരുന്നെന്ന് റിപ്പോർട്ട്. ഇരുവരും വാടകയ്ക്കു താമസിച്ച വീടിന്റ ഉടമയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. സീമ ഹൈദറിന്റെ പല രീതികളും സച്ചിന് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ലെന്നും ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്നും വീട്ടുടമ വെളിപ്പെടുത്തുന്നു.
നോയ്ഡ ഗൗതം ബുദ്ധനഗറിൽ ഇരുവരും വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമയാണ് സച്ചിൻ കാമുകി സീമ ഹൈദറിനെ മർദ്ദിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയത്. സീമ നന്നായി ബീഡി വലിക്കുന്ന യുവതിയാണെന്നും എന്നാൽ, ഇത് സച്ചിന് ഇഷ്ടമായിരുന്നില്ലെന്നും ഇദ്ദേഹം പറയുന്നു. ‘സ്ഥിരമായി ബീഡി വലിക്കുന്ന സ്വഭാവം സീമയ്ക്കുണ്ടായിരുന്നു. ഇത് സച്ചിന് ഇഷ്ടമായിരുന്നില്ല. ഇതേതുടർന്ന് ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായി. പലപ്പോഴും സീമയെ സച്ചിൻ അടിച്ചു.’– വീട്ടുടമ വെളിപ്പെടുത്തി.
വീസ ഇല്ലാതെയാണ് നേപ്പാൾ വഴി സീമ ഹൈദറും മക്കളും ഇന്ത്യയിലെത്തിയത്. തുടർന്ന് വീട് വാടകയ്ക്ക് എടുത്ത് താമസം ആരംഭിച്ചു. നിയമവിരുദ്ധമായി രാജ്യത്തേക്ക് എത്തിയതിനാൽ സീമയെയും സഹായം നൽകിയതിന് സച്ചിനെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പബ്ജിയിലൂടെ പ്രണയിച്ചാണ് എത്തിയതെന്ന് സീമ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇരുവർക്കും ജാമ്യം ലഭിച്ചു. എന്നാൽ സീമയ്ക്ക് ഇന്ത്യയിൽ താമസിക്കുന്നതിനു നിയമതടസങ്ങളുണ്ട്. പാക്കിസ്ഥാനിലേക്കു തിരിച്ചു പോകില്ലെന്നും സീമ വ്യക്തമാക്കിയിരുന്നു.
ഉത്തർപ്രദേശ് പൊലീസും ഭീകരവിരുദ്ധ സ്ക്വാഡും ചോദ്യം ചെയ്യൽ തുടരുന്നതിനിടെ സീമയിൽ നിന്നും ആറ് പാസ്പോർട്ടുകൾ കണ്ടെടുത്തിരുന്നു. പാകിസ്ഥാൻ പാസ്പോർട്ടുകളാണ് ആറും. എന്നാൽ ഇതിൽ ഒന്നിൽ പേരും വിലാസവും പൂർണമല്ല. പാസ്പോർട്ടിന് പുറമേ നാല് മൊബൈൽ ഫോണുകളും രണ്ട് വീഡിയോ കാസറ്റുകളും സീമയുടെ പക്കൾ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അതേസമയം, സീമ ഹൈദറും ഇന്ത്യക്കാരനായ കാമുകൻ സച്ചിൻ മീണയും നേപ്പാളിൽ താമസിച്ചത് വ്യാജ പേരിലെന്ന് കഠ്മണ്ഡുവിലെ ഹോട്ടലിന്റെ ഉടമ വെളിപ്പെടുത്തി. ‘ശിവൻഷ്’ എന്ന പേരിലാണ് ഹോട്ടലിൽ മുറിയെടുത്തതെന്നും ഉടമ ഗണേഷ് വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. ‘മാർച്ച് മാസത്തിൽ ഏഴ് – എട്ട് ദിവസത്തോളം ഇരുവരും ഹോട്ടലിൽ തങ്ങി. മുറിക്കുള്ളിൽത്തന്നെയായിരുന്നു മിക്കപ്പോഴും. വൈകുന്നേരങ്ങളിൽ വല്ലപ്പോഴും പുറത്തുപോയി കണ്ടിട്ടുണ്ട്. ഒൻപതര – പത്തോടെ ഹോട്ടൽ അടയ്ക്കുന്നതിനാൽ നേരത്തേതന്നെ തിരിച്ചുവരും.
‘ഭാര്യ’യോടൊപ്പം താമസിക്കുന്നുവെന്നു കാട്ടി മുൻകൂട്ടി സച്ചിൻ മുറി ബുക്ക് ചെയ്തിരുന്നു. സച്ചിനാണ് ആദ്യം എത്തിയത്. സീമ അടുത്തദിവസമാണ് വന്നത്. മുറി വിട്ടപ്പോഴും രണ്ടുപേരും രണ്ടായാണ് പോയത്. അന്നു കുട്ടികൾ ഇവർക്കൊപ്പമുണ്ടായിരുന്നില്ല. ഇന്ത്യൻ കറൻസിയായ രൂപ ഉപയോഗിച്ചാണ് സച്ചിൻ മുറിയെടുത്തത്’ – ഗണേഷ് കൂട്ടിച്ചേർത്തു.
യുവതിയുടെ കുടുംബാംഗങ്ങളെ സംബന്ധിച്ചും യുവതിയുടെ കൈവശമുള്ള തിരിച്ചറിയൽ രേഖ സംബന്ധിച്ചും നിരവധി ദുരൂഹതകളുണ്ടെന്നാണ് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. സീമ പബ്ജി എന്ന ഓൺലൈൻ ഗെയിം വഴി ഇന്ത്യയിലെ നിരവധി യുവാക്കളുമായി ബന്ധം പുലർത്തിയിരുന്നു. യുവതിയുടെ കൈവശമുള്ള ജനന സർട്ടിഫിക്കറ്റ് അടുത്തിടെ നൽകിയതാണെന്നതും സംശയാസ്പദമാണ്. ഇതിനിടയിലാണ് യുവതിക്ക് പാക് പട്ടാളവുമായുള്ള ബന്ധം സംബന്ധിച്ച വിവരങ്ങളും പുറത്തുവരുന്നത്.
സീമയുടെ സഹോദരനും ബന്ധുവും പാക് സേനാംഗങ്ങളെന്ന് മുൻ ഭർത്താവ് വ്യക്തമാക്കിയിരുന്നു. സച്ചിൻ മീണയ്ക്കൊപ്പം താമസിക്കുന്ന സീമ ഹൈദറിനെ യുപി പൊലീസ് എടിഎസ് ചോദ്യം ചെയ്യുന്നതിനിടയിലാണ് ഭർത്താവ് ഗുലാം ഹൈദറിൻറെ പ്രതികരണം എത്തുന്നത്. പൊലീസ് ചോദ്യം ചെയ്യലിനിടയിൽ സഹോദരൻ പാക് സേനയിലുള്ളതായും എന്നാൽ നിലവിൽ സേനയിലുണ്ടോയെന്ന് അറിവില്ലെന്നുമായിരുന്നു സീമ പ്രതികരിച്ചത്. എന്നാൽ സീമ ഹൈദറിൻറെ സഹോദരൻ ആസിഫ് ഇപ്പോഴും സേനയിലുണ്ടെന്നും അമ്മാവനായ ഗുലാം അക്ബറും പാക് സേനാംഗമാണെന്നും ഗുലാം ഹൈദർ സ്ഥിരീകരിക്കുന്നു. കറാച്ചിയിലാണ് സീമയുടെ സഹോദരൻ നിയമിതനായിട്ടുള്ളതെന്നും ഗുലാം ഹൈദർ പറയുന്നു. സീമയുടെ അമ്മാവൻ പാക് സേനയിലെ ഉയർന്ന പദവിയിലാണെന്നും ഗുലാം ഹൈദർ കൂട്ടിച്ചേർക്കുന്നു.
സീമയുടെ തിരിച്ചറിയൽ രേഖ വിതരണം ചെയ്ത സമയവും പൊലീസിനെ സംശയത്തിന് ബലം നൽകുന്നുണ്ട്. ജനന സമയത്ത് ലഭ്യമാകുന്ന തിരിച്ചറിയിൽ രേഖ സീമയ്ക്ക് നൽകിയിരിക്കുന്ന തിയതി 2022 സെപ്തംബർ 20നാണ്. പാക് തിരിച്ചറിയൽ കാർഡ് ലഭിക്കാനുണ്ടായ കാലതാമസവും ഉത്തര് പ്രദേശ് എടിഎസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ സച്ചിൻ മീണയെന്ന കാമുകനൊപ്പമാണ് സീമ ഹൈദറും മക്കളും താമസിക്കുന്നത്.
നേപ്പാൾ വഴി മെയ് മാസത്തിലാണ് സീമ സച്ചിനൊപ്പം താമസിക്കാനായി എത്തിയത്. 2019ൽ പബ്ജി ഗെയിമിലൂടെയാണ് ഇവർ പരിചയപ്പെടുന്നത്. ജൂലൈ 4ന് സീമ ഹൈദറിനെ പ്രാദേശിക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനധികൃതമായി രാജ്യത്തേക്ക് കടന്നതിനായിരുന്നു അറസ്റ്റ്. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ സഹായിച്ചതിന് സച്ചിൻ മീണയും അറസ്റ്റിലായിരുന്നു. എന്നാൽ ജൂലൈ 7 കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു.
2019ൽ ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെയാണ് നോയിഡ സ്വദേശിയായ സച്ചിൻ മീണയെ സീമ പരിചയപ്പെടുന്നത്. പിന്നീട് സച്ചിനുമായി പ്രണയത്തിലായ ഇവർ മേയിൽ നേപ്പാൾ വഴിയാണ് ഇന്ത്യയിലേക്ക് കടന്നത്. ഡൽഹിയിലേക്ക് ബസ് മാർഗം എത്തിയ ഇവരെ പിന്നീട് നോയിഡയിലെ വാടക വീട്ടിലേക്കു സച്ചിൻ കൂട്ടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ട സച്ചിൻ താൻ സീമയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായി പിതാവിനോടു പറഞ്ഞുവെന്നു പൊലീസിനു മൊഴി നൽകി. ഇന്ത്യൻ ജീവിതരീതി പിന്തുടരാമെങ്കിൽ വിവാഹം കഴിക്കുന്നതിൽ എതിർപ്പില്ലെന്നു പിതാവ് അറിയിച്ചു. വിവാഹത്തിന്റെ നടപടിക്രമങ്ങൾക്കായി ബുലന്ദ്ശഹറിലെ കോടതിയെ ഇവർ സമീപിച്ചു. എന്നാൽ ഇന്ത്യൻ പൗരയല്ലാത്തതിനാൽ വിവാഹം നടത്തുന്നതിൽ നിയമതടസ്സമുണ്ടെന്നു കോടതി ഇവരെ അറിയിച്ചു.
അഭിഭാഷകൻ പൊലീസിനെ അറിയിച്ചാൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയന്ന സീമ കുട്ടികളെയും കൂട്ടി വീടുവിട്ടു. എന്നാൽ ഡൽഹിയിലെത്താനായില്ലെന്നും അതിനുമുൻപ് പൊലീസ് അറസ്റ്റു ചെയ്തെന്നും സീമ പറഞ്ഞു. അനധികൃതമായി ഇന്ത്യയിലേക്കു കടന്നവരെ വീട്ടിൽതാമസിപ്പിച്ച കുറ്റത്തിന് സച്ചിൻ ജയിലിലാണ്. ഇവർക്ക് മറ്റെന്തെങ്കിലും ദുരുദ്ദേശമുണ്ടോയെന്ന് പരിശോധിക്കാനായി സച്ചിന്റെ തകർന്ന ഫോണിൽനിന്ന് ഡേറ്റ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
Post Your Comments