മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രധാന പ്രതിയുടെ വീടിന് തീവെച്ചു. വീഡിയോ പുറത്തുവന്ന് രണ്ട് ദിവസത്തിന് ശേഷം വെള്ളിയാഴ്ചയാണ് അക്രമികൾ വീട് കത്തിച്ചത്. അറസ്റ്റിലായ ഹുയ്റെം ഹീറോദാസിന്റെ വീടാണ് ജനങ്ങള്‍ കത്തിച്ചത്. സ്ത്രീകള്‍ അടക്കമുള്ളവരാണ് പ്രതിയുടെ വീടിന് തീവെച്ചത്. മണിപ്പൂരിലെ കാങ്പോക്പി ജില്ലയിൽ ജനക്കൂട്ടം രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തികൊണ്ടുപോകുന്നതാണ് വീഡിയോയിൽ കാണുന്നത്.
26 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ രാജ്യവ്യാപക പ്രതിക്ഷേധത്തിന് കാരണമായി. മെയ് 3 നാണ് വടക്കുകിഴക്കൻ സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. രണ്ട് മാസത്തിന് ശേഷമാണ് ദൃശ്യങ്ങൾ ബുധനാഴ്ച പുറത്തുവന്നത്. ഇന്റർനെറ്റ് നിരോധനം നീക്കിയതോടെ വീഡിയോ വൈറലാകുകയായിരുന്നു. അതേസമയം വീഡിയോയ്ക്കെതിരെ മണിപ്പൂർ പോലീസ് സ്വമേധയാ കേസെടുത്തു. ബുധനാഴ്ച രാത്രി തൗബാൽ ജില്ലയിലെ നോങ്പോക്ക് സെക്മായി പോലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്ക് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പീപ്പിൾ റെവലൂഷണറി പാർട്ടി ഓഫ് കാങ്ങ്ളിപാക് (PREPAK) നേതാവായ എംഡി ഇബ്യുൺഗോ എന്ന അബ്ദുൽ ഹീലിമും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടക്കുകയാണെന്നും വധശിക്ഷ ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുമെന്നും മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് വ്യാഴാഴ്ച പറഞ്ഞു.
മണിപ്പൂരിലുണ്ടായ അക്രമ സംഭവങ്ങളില്‍ 150ഓളം പേര് കൊല്ലപ്പെട്ടായാണ് പുറത്ത് വന്ന കണക്കുകള്‍ വിശദമാക്കുന്നത്. നിരവധിപ്പേര്‍ക്കാണ് അക്രമങ്ങളില്‍ പരിക്കേറ്റത്. മെയ്തെയ് വിഭാഗം സംവരണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മണിപ്പൂരില്‍ സംഘര്‍ഷം ഉടലെടുത്തത്. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളമുള്ള മെയ്തെയ് വിഭാഗത്തിന് സംവരം അനുവദിക്കുന്നതിന് നാഗാ, കുക്കി വിഭാഗങ്ങളിലെ ആദിവാസി വിഭാഗങ്ങള്‍ എതിര്‍ത്തിരുന്നു. മണിപ്പൂരിലെ ജനസംഖ്യയിലെ 40 ശതമാനം മാത്രമാണ് ആദിവാസി വിഭാഗങ്ങളുള്ളത്.
Post Your Comments