തിരുവനന്തപുരം: സംസ്ഥാനത്തെ അരി വില നിയന്ത്രിക്കുന്നതിന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്നും ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്‌കീം (ഒ.എം.എസ്.എസ്) വഴി കുറഞ്ഞ വിലയ്ക്ക് സംസ്ഥാനത്തിന് അരി ലഭ്യമാക്കണമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഒഎംഎസ്എസ് വഴി കുറഞ്ഞ വിലയ്ക്ക് സംസ്ഥാനങ്ങൾക്ക് അരി നൽകി വന്നിരുന്ന പദ്ധതി അടുത്തിടെ കേന്ദ്രം നിർത്തലാക്കിയിരുന്നു. സംസ്ഥാനത്തെ മൊത്ത/ചില്ലറ വിൽപ്പനക്കാർക്ക് ടെണ്ടറിൽ പങ്കെടുത്തുകൊണ്ട് കുറഞ്ഞ വിലയ്ക്ക് എഫ്‌സിഐയിൽ നിന്നും അരി വാങ്ങുന്നതിനുള്ള സൗകര്യം നിലവിൽ ലഭ്യമാണ്. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തിനുള്ള അരി വിഹിതത്തിൽ വർധനവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പീയുഷ് ഗോയലിനെ നേരിൽ കണ്ട് കത്തു നൽകിയിരുന്നു.
Read Also: ഗവർണർ പദവി നിർത്തലാക്കണം: ബിനോയ് വിശ്വം എംപിയുടെ സ്വകാര്യ ഹർജിക്ക് അവതരണാനുമതി ലഭിച്ചു
ഓണത്തോടനുബന്ധിച്ച് കേരളത്തിലെ റേഷൻകാർഡ് ഉടമകൾക്ക് പുഴുക്കലരിയുടെയും പച്ചരിയുടെയും ലഭ്യത ഉറപ്പാക്കണമെന്നും എഫ്‌സിഐ അധികൃതർക്ക് മന്ത്രി നിർദ്ദേശം നൽകി. സംസ്ഥാനത്തെ ചില ജില്ലകളിൽ പുഴുക്കലരിയുടെ വിതരണത്തിൽ കുറവ് ഉണ്ടെന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് നിർദ്ദേശം നൽകിയത്. ഭക്ഷ്യോത്പാദനത്തിൽ സംസ്ഥാനത്തിന്റെ പിന്നോക്കാവസ്ഥ, ഓണം എന്നിവ പരിഗണിച്ച് സംസ്ഥാനത്തിനുള്ള ടൈഡ് ഓവർ അരി വിഹിതം വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കണെന്നും മന്ത്രി ആവശ്യപ്പെട്ടു.
Post Your Comments