മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ മറുപടി പറയണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടാതിരിക്കുന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമായ കാര്യമാണ്. ഇതു അംഗീകരിക്കാനാവില്ലെന്നും യെച്ചൂരി പറഞ്ഞു. മണിപ്പൂരിലെ സംഘര്‍ഷത്തില്‍ പ്രതികരിക്കാന്‍ മോദിക്ക് 75 ദിവസം വേണ്ടിവന്നു. പ്രധാനമന്ത്രി ഇത്രയും കാലം എന്തുകൊണ്ട് മിണ്ടാതിരുന്നുവെന്ന് യെച്ചൂരി ചോദിച്ചു.
മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കുന്നില്ല. സര്‍ക്കാര്‍ എന്തുകൊണ്ടാണ് വിഷയത്തില്‍ മറുപടി പറയാത്തതെന്നും യെച്ചൂരി ചോദിച്ചു. മെയ് നാലിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. എന്നിട്ടും നടപടിയുണ്ടായില്ല. ബിരേന്‍ സിംഗ് സര്‍ക്കാരിനെ മാറ്റുകയാണ് വേണ്ടത്. പെണ്‍കുട്ടികളെ ആക്രമിച്ച പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം. അതാണ് നിയമം, അത് നടപ്പിലാക്കണം. എന്തുകൊണ്ട് സര്‍ക്കാര്‍ നിയമം നടപ്പിലാക്കുന്നില്ലെന്നും യെച്ചൂരി ചോദിച്ചു.
അതേസമയം വിഷയത്തിൽ പ്രധാനമന്ത്രി മോദി രൂക്ഷമായാണ് പ്രതികരിച്ചത്. ‘പുറത്തുവരുന്ന ദൃശ്യങ്ങള്‍ അത്യന്തം വേദനാജനകമാണ്. കുറ്റവാളികളെ ഒരാളെ പോലും വെറുതെ വിടില്ല.’ മണിപ്പൂരിലെ സംഭവങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും മോദി പറഞ്ഞു. വിഷയം രാഷ്ട്രീയവത്ക്കരിക്കരുതെന്ന് എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിക്കുന്നു. ഹൃദയത്തില്‍ വേദനയും ദേഷ്യവും ഉണ്ടാകുന്നു. നിയമം സര്‍വശക്തിയില്‍ പ്രയോഗിക്കും. മണിപ്പൂരിലെ പെണ്‍മക്കള്‍ക്കുണ്ടായ ദുരനുഭവം ഒരിക്കലും പൊറുക്കാനാവില്ലെന്ന് മോദി പറഞ്ഞു.
Post Your Comments