Latest NewsNewsIndia

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ ആദ്യ അറസ്റ്റ്; വധശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

ഇംഫാല്‍: കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ മണിപ്പൂരിൽ ഒരാളെ അറസ്റ്റ് ചെയ്ത് പോലീസ്. മെയ് നാലിന് നടന്ന സംഭവത്തില്‍ ഇതുവരെയും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു. വിഷയം പാർലമെന്റിലും പുറത്തും ശക്തമായി പ്രതിപക്ഷം ഉന്നയിക്കുകയും ചെയ്തു. കുറ്റാരോപിതരെ വെറുതെ വിടില്ലെന്നും, തക്കതായ ശിക്ഷ നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ പ്രതികരിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിങും രംഗത്ത് വന്നു. സ്ത്രീകളെ നഗ്നരാക്കി നടത്തിയത് അപമാനകരവും മനുഷ്യത്വരഹിതവുമെന്ന് ബീരേൻ സിങ് വിമർശിച്ചു. സംഭവത്തില്‍ ആദ്യ അറസ്റ്റ് ഇന്ന് രാവിലെ നടന്നുവെന്ന് പറഞ്ഞ അദ്ദേഹം, സമഗ്ര അന്വേഷണം നടക്കുമെന്നും വ്യക്തമാക്കി. കർശന നടപടി ഉറപ്പാക്കും. കുറ്റക്കാർക്ക് വധശിക്ഷ ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് സമൂഹത്തില്‍ സ്ഥാനമില്ലെന്നും വ്യക്തമാക്കി.

‘എനിക്ക് സങ്കടവും ദേഷ്യവും വരുന്നു. മണിപ്പൂരിലെ സംഭവം സമൂഹത്തിന് നാണക്കേടുണ്ടാക്കുന്നു. മണിപ്പൂരിലെ സംഭവം 140 കോടി ഇന്ത്യക്കാരെ നാണം കെടുത്തുന്നു. ഞാൻ രാജ്യത്തിന് ഉറപ്പ് നൽകുന്നു, ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. നിയമം അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് അതിന്റെ വഴിക്ക് പോകും. മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ല’, പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു.

അതേസമയം, വടിയും മറ്റുമേന്തി ഒരു കൂട്ടം പുരുഷന്‍മാര്‍ രണ്ടു സ്ത്രീകളെ പൂര്‍ണനഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും വയലിലേക്ക് വലിച്ചുകൊണ്ടുപോവുകയും ചെയ്യുന്നതാണ് ദൃശ്യത്തിലുള്ളത്. സ്ത്രീകളെ നടത്തിച്ചുകൊണ്ടുപോവുന്നതിനിടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതും ഭയാനകദൃശ്യങ്ങളിലുണ്ട്. ഇക്കഴിഞ്ഞ മെയ് നാലിന് തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള കാങ്‌പോക്പി ജില്ലയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ക്രൂരമായ അതിക്രമത്തിനിരയായ രണ്ട് സ്ത്രീകളും കുക്കി ഗോത്ര വിഭാഗത്തില്‍ നിന്നുള്ളവരാണെന്ന് കുക്കി ഗോത്രത്തെ പ്രതിനിധീകരിക്കുന്ന ഐടിഎല്‍എഫ് പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button