തിരുവനന്തപുരം: മണിപ്പൂരില്‍ രണ്ട് യുവതികളെ നഗ്നരാക്കി തെരുവിലൂടെ നടത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം പുറംലോകമറിഞ്ഞത് ഇന്നലെ മാത്രം. എല്ലാം ഡിജിറ്റല്‍ ആയി എന്ന് അഭിമാനം കൊള്ളുമ്പോള്‍ ആ ഇന്ത്യയിലാണല്ലോ ഇത്തരത്തിലുള്ള കിരാത സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ട് പുറത്തുവന്നത് എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നുവെന്ന് എഴുത്തുകാരി അഞ്ജു പാര്‍വതി. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് അഞ്ജു മണിപ്പൂരിലെ നടുക്കുന്ന സംഭവത്തെ കുറിച്ച് പറയുന്നത്.
Read Also: കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം: നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
‘മണിപ്പൂരില്‍ കണ്ട കാഴ്ച്ച മനുഷ്യ മന:സാക്ഷിയെ മരവിപ്പിക്കുന്നത്. ആ ചിത്രം പോസ്റ്റ് ആയിട്ട് ഇടാനുള്ള മനസ്സുറപ്പ് ഇല്ല. ആ വീഡിയോ കണ്ടിട്ട് ഉണ്ടായ ഞെട്ടല്‍, സിരകളിലൂടെ അരിച്ചിറങ്ങിയ ഭയപ്പാട് മാറില്ല. അത്രമേല്‍ ഭയങ്കരമായ, ഭീകരമായ ഒന്ന് അരങ്ങേറിയത് ഇന്ത്യയില്‍ ആണെന്നത് ഓര്‍ത്ത് ഓരോ ഇന്ത്യക്കാരനും ലജ്ജിക്കണം’.
‘മെയ് മാസത്തില്‍ നടന്ന അതി ദാരുണമായ സംഭവം പുറം ലോകം അറിഞ്ഞത് ഇന്നലെ. പുറംലോകം അറിഞ്ഞു എന്ന് ഉറപ്പായ ശേഷമാണ് ഒരു അന്വേഷണം പോലും അതിന്മേല് നടന്നത് എന്നത് ഞെട്ടിപ്പിക്കുന്നു. ഇന്ന് വരെ ഇന്ത്യ എന്ന് പറയുമ്പോള്‍ സിരകളില്‍ പൊന്തിവന്നിരുന്ന അഭിമാനം അപ്പാടെ ആവിയായി പോയി അത് ചെയ്ത കിരാത ജനക്കുട്ടവും ഇന്ത്യന്‍ എന്ന ഐഡന്റിറ്റി പേറുന്നവര്‍ ആണല്ലോ എന്ന് ഓര്‍ക്കുമ്പോള്‍. സ്ത്രീയെ ദേവിയായി ആരാധിക്കുന്ന സംസ്കൃതിയുള്ള നാട്ടില്‍, രാഷ്ട്രത്തെ ഭാരത മാതാവായി വന്ദിക്കുന്ന ഭൂമികയില്‍ രണ്ട് യുവതികളെ വിവസ്ത്രയായി തെരുവിലൂടെ നടത്തിക്കുന്ന ആള്‍ക്കൂട്ടം, നടത്തുന്ന വഴികളില്‍ എമ്പാടും അവരുടെ ശരീരത്തെ അപമാനിക്കുന്നു. എന്നിട്ട് പരസ്യമായി ഒരു പാടത്ത് കൊണ്ട് പോയി മാറി മാറി…. എഴുതാന്‍ കഴിയുന്നില്ല. ഇതാണോ നമ്മുടെ ഇന്ത്യ? ഇതാണോ നമ്മള് ഇന്ത്യക്കാര്‍?’
‘നമ്മുടെ ചന്ദ്രയാനത്തിന്റെ പെരുമ ചന്ദ്രലോകത്തോളം വലുതായി നില്ക്കുന്ന അതേ വര്‍ഷത്തില്‍ ലോകത്തിന്റെ മുന്നില്‍ നമ്മള് തല കുനിക്കേണ്ടി വരുന്നത് മണിപ്പൂരില്‍ നടമാടിയ അതി പ്രാകൃത കൃത്യത്തിലൂടെയാവും. എത്രയൊക്കെ ഡിജിറ്റല്‍ ഇന്ത്യ എന്ന് പുറമേയ്ക്ക് കൊട്ടിഘോഷിച്ചാലും അകമേയ്ക്ക് പ്രാകൃതമായ ലൈംഗിക വൈകൃതം പേറുന്ന നരാധമന്മാരെ ഇന്നും കയറൂരി വിടുന്ന ഭരണ സംവിധാനം ഇവിടെ ഉണ്ടെന്ന് സമ്മതിക്കേണ്ടി വരും. അതിപൈശാചികമായ കൃത്യം നടന്നിട്ട് രണ്ട് മാസമായിട്ടും അത് പുറം ലോകത്ത് എത്താന്‍ എടുക്കുന്ന കാലതാമസം ഈ ഡിജിറ്റല്‍ ഇന്ത്യയില്‍ ഉണ്ടെന്ന് തല കുമ്പിട്ടു സമ്മതിക്കേണ്ടി വരും’.
‘മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്നത് വര്‍ഗീയ ലഹള ആയാലും ഗോത്രങ്ങള്‍ തമ്മിലുള്ള പോര്‍വിളി ആയാലും, അതെന്ത് തന്നെ ആയാലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് അതിനെ അമര്‍ച്ച ചെയ്യാന്‍ നമ്മുടെ സൈന്യത്തിന് കഴിയുന്നില്ല എങ്കില്‍ അത് നമ്മുടെ ഏറ്റവും വലിയ പോരായ്മ ആണെന്ന് സമ്മതിക്കേണ്ടി വരും.ആ കിരാതക്കൂട്ടത്തെ ഈ ഭൂമിയില്‍ അവശേഷിപ്പിക്കാതിരിക്കാനുള്ള ആര്‍ജ്ജവം എങ്കിലും ഭരിക്കുന്നവര്‍ക്ക് ഉണ്ടാകട്ടെ. മണിപ്പൂരില്‍ നടന്ന ആ കിരാതത്വം ഈ ഭൂമിയില്‍ ഒരിടത്തും ഇനി മേലില്‍ ആവര്‍ത്തിക്കാതിരിക്കട്ടെ..ആ ചെന്നായക്കൂട്ടത്തെ ന്യായീകരിക്കാന്‍ മുതിരുന്ന ഒരാളും എന്റെ സൗഹൃദങ്ങളില്‍ ഉണ്ടാവാതെ ഇരിക്കട്ടെ!’
Post Your Comments