ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന്റെ യോഗം ഇന്നലെ ബെംഗളൂരുവിൽ നടന്നു. ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ (എൻഡിഎ) നേരിടുന്ന പ്രതിപക്ഷ പാർട്ടികൾ അവരുടെ സഖ്യത്തിന്റെ പുതിയ പേര് വെളിപ്പെടുത്തി. ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) എന്നാണ് ഈ സഖ്യത്തിന്റെ പേര്. എന്നാൽ പേര് ഇന്ത്യയെ അപമാനിക്കാനാണെന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം. ഇലക്ഷൻ കഴിയുമ്പോൾ ഇന്ത്യ തോറ്റു തുന്നം പാടി എന്ന് പറയിക്കാൻ അല്ലെ ഈ പേര് ഇട്ടതെന്നാണ് പലരുടെയും പ്രതികരണം.
എഴുത്തുകാരനായ കെപി സുകുമാരന്റെ പോസ്റ്റ് ഇങ്ങനെ,
പ്രതിപക്ഷങ്ങൾ ചേർന്ന് അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരു ഐക്യമുന്നണി തട്ടിക്കൂട്ടിയതിനെ ഞാൻ സ്വാഗതം ചെയ്യുന്നു. കാരണം ഇത് നമ്മുടെ ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. ഒരു എതിർ സഖ്യം ഇല്ലാതെ ബി.ജെ.പി. ഏകപക്ഷീയമായി ജയിച്ചു കയറിക്കൊണ്ടിരുന്നാൽ ജനാധിപത്യം ദുഷിച്ച് പണ്ടാരടങ്ങിപ്പോകും. ഒരിക്കലും ഒരു രാജ്യം ഒരു പാർട്ടിയുടെ കൈയിൽ മാത്രം ഒതുങ്ങിപ്പോകാൻ പാടില്ല. അത് ജനാധിപത്യത്തിന്റെ അന്ത്യം ആയിപ്പോകും എന്ന് മാത്രമല്ല എതിർക്കാൻ ആരും ഇല്ലെങ്കിൽ ബി.ജെ.പി. തന്നെ ഏകാധിപത്യപാർട്ടി ആയിപ്പോകും.
ജനാധിപത്യം സംരക്ഷിക്കപ്പെടാൻ രണ്ട് പാർട്ടിയോ രണ്ട് മുന്നണിയോ അനിവാര്യമാണ്. ആ നിലയിൽ നോക്കുമ്പോൾ ഈ പ്രതിപക്ഷ സഖ്യം സ്വാഗതാർഹമാണ്.
ഈ മുന്നണിയുടെ പേരാണ് പക്ഷെ എനിക്ക് ദഹിക്കാത്തത്. പേര് വിളിച്ചത് രാഹുൽ ഗാന്ധി ആണെന്നും മമത ബാനർജി ആണെന്നും രണ്ട് വാർത്ത പ്രചരിക്കുന്നുണ്ട്. രാഹുൽ ആയിരിക്കാനാണ് സാധ്യത. കാരണം ഇമ്മാതിരി വിചിത്ര ബുദ്ധി അയാൾക്ക് മാത്രമേ വരൂ. INDIA എന്നൊരു അക്രൊണിം (Acronym) മനസ്സിൽ ഉറപ്പിച്ചിട്ട് അത് വികസിപ്പിച്ചിട്ടാണ് Indian Natioanal Developmental Inclusive Alliance എന്നാക്കിയത്. ഈ പേര് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നോ എന്താണ് ഇതിന്റെ അർത്ഥം എന്നോ എനിക്ക് മനസ്സിലാകുന്നില്ല. അതെന്തോ ആകട്ടെ ജയിച്ചാലും തോറ്റാലും ഈ സഖ്യം അധികം താമസിയാതെ ഒന്നുകിൽ അടിച്ച് പിരിയും അല്ലെങ്കിൽ താനാകവേ ഇല്ലാതാകും. അതുകൊണ്ട് ഇത് തൽക്കാലത്തേക്കുള്ള ഒരു തട്ടിക്കൂട്ട് പരിപാടിയാണ്. എന്തായാലും അത്രയെങ്കിലും ആയത് നല്ലത് തന്നെ.
വോട്ടെണ്ണുമ്പോൾ ഇന്ത്യക്ക് ലീഡ്, ഇന്ത്യ പിന്നിൽ, ഇന്ത്യ തോറ്റ് തുന്നം പാടി എന്നൊക്കെ ടിവിയിൽ ലൈവ് കാണുമ്പോൾ “ഇന്ത്യ“ക്കാർക്ക് കോൾമയിർ കൊള്ളാലോ. ജയിക്കും എന്ന് “ഇന്ത്യ“ക്കാർക്ക് പ്രതീക്ഷ ഉണ്ടാവില്ലെങ്കിലും അഥവാ ജയിക്കും എന്ന് സങ്കല്പിച്ചാലും ഈ അലവലാതി മുന്നണി ആറ് മാസം തികച്ച് ഭരിക്കില്ല എന്ന് ഉറപ്പാണ്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യം ഓരോ ദിവസവും ഓരോ പദ്ധതികളുമായി അതിവേഗ വികസനത്തിൽ മുന്നേറുകയാണ്. ഇതിനപ്പുറം എന്ത് Development ആണ് ഈ “ഇന്ത്യ“ സഖ്യത്തിന് ഇൻക്ലൂഡ് ചെയ്യാൻ ഉള്ളത് എന്ന് മനസ്സിലാകുന്നില്ല. ഭരണം കിട്ടിയാൽ ഓരോ പാർട്ടിയും ഓരോ നേതാവും തങ്ങളുടെ സംസ്ഥാനത്തേക്ക് ഇന്ത്യയെ വലിച്ചുകീറി ഒട്ടിക്കാനാണ് ശ്രമിക്കുക. അതുകൊണ്ട് ഈ സഖ്യത്തെ ആരും സീരിയസ്സായി കണക്കിലെടുക്കാൻ പോകുന്നില്ല.
ഒരു കോമഡി ആണെങ്കിലും “ഇന്ത്യ“ മത്സരിക്കട്ടെ, “ഇന്ത്യ“ തോൽക്കട്ടെ പിന്നെ നീർക്കുമിള പോലെ “ഇന്ത്യ“ ചിതറി തെറിക്കട്ടെ. “ഇന്ത്യ“ ഒരു താൽക്കാലിക പ്രതിഭാസം മാത്രം. അപ്പോഴും നമ്മുടെ മഹത്തായ രാജ്യമായ ഇന്ത്യയെ നമ്മുടെ പ്രിയപ്പെട്ട മോദിജി അടുത്ത അഞ്ച് വർഷത്തേക്ക് കൂടി പൂർവാധികം വികസനക്കുതിപ്പോടെ നയിക്കും. ബാക്കി അതിന് ശേഷം നോക്കാം.
Post Your Comments