തിരുവനന്തപുരം: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയുടെ നോട്ടീസ്. പട്ടത്തെ ഫ്‌ളാറ്റിലെ ആറാം നിലയിലാണ് മറുനാടന്‍ മലയാളിയുടെ കേന്ദ്ര ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഓഫീസിന്റെ പ്രവർത്തനം നഗരസഭാ നിയമം അനുസരിച്ചല്ലെന്നും കെട്ടിടത്തില്‍ അനധികൃതമായി മാറ്റം വരുത്തിയെന്നുമാണ് നഗരസഭയുടെ കണ്ടെത്തല്‍.
ഇക്കാര്യം വിശദീകരിച്ചുകൊണ്ടുള്ള മറുനാടന്‍ മലയാളിയുടെ വിശദീകരണം അപ്പാടെ തള്ളിയാണ് നഗരസഭ ഹെല്‍ത്ത് വിഭാഗം നോട്ടീസ് നല്‍കിയിരിക്കുന്നത്. നഗരസഭാ നിയമപ്രകാരം ഏതൊരു കച്ചവട സ്ഥാപനങ്ങളും തുടങ്ങുമ്പോള്‍ തന്നെ ലൈസന്‍സ് എടുക്കേണ്ടതാണ്. ഇതുവരെ മറുനാടന്‍ മലയാളി ഇതു എടുത്തിട്ടില്ല. അതിനാല്‍ നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനുള്ളില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കണം. അല്ലെങ്കില്‍ നിയമ ലംഘനമായി കണ്ട് ഓഫീസ് അടച്ചുപൂട്ടിക്കുമെന്നും ഹെല്‍ത്ത് ഓഫീസര്‍ നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു.
അതേസമയം, മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ വീണ്ടും പൊലീസ് കേസെടുത്തു. ബി.എസ്.എന്‍.എല്ലിന്റെ പേരില്‍ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കേസ്. ഡല്‍ഹി സ്വദേശിയും മലയാളിയുമായ രാധാകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. ഇതിനിടെ ഷാജന്‍ സ്‌കറിയ പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് പി.വി അന്‍വര്‍ കഴിഞ്ഞ ദിവസം ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി അന്‍വര്‍ പ്രധാനമന്ത്രിക്കും ഇ-മെയില്‍ വഴി പരാതി നല്‍കിയിരുന്നു.
Post Your Comments