മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചനം അറിയിച്ച് ജെയ്ക്ക് സി തോമസ്. മനുഷ്യ സംബന്ധമായ യാതൊന്നും എനിക്ക് അന്യമല്ല എന്നെഴുതിയ മാർക്സിയൻ അനുഭവത്തിന്റെ കോൺഗ്രസ് മുഖമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ജെയ്ക്ക് ഫേസ്ബുക്കിൽ കുറിച്ചു. അഞ്ച് പതിറ്റാണ്ട് കാലം നീണ്ട് നിന്ന ജന പ്രാതിനിധ്യത്തിന്റെ വിസ്മയകരമായ അനുഭവ സമ്പത്തിന്റെ ഉടമയായിരുന്നു ഉമ്മൻ ചാണ്ടിയെന്നും, യോജിപ്പുകളുടെയും വിയോജിപ്പുകളുടെയും തലങ്ങളുള്ളപ്പോഴും ഇത്രേമേൽ വിപുലമായ അനുഭവലോകത്തെ മനുഷ്യ സമുദായത്തിനാകെ ബഹുമാനത്തോടെ മാത്രമേ അഭിസംബോധന കഴിയൂ എന്നും ജെയ്ക്ക് കുറിച്ചു.
‘സി.എം.എസ് കോളേജിൽ നിന്ന് മണർകാട് വഴി പുതുപ്പള്ളിയിലേക്ക് 13 km ദൂരം തികച്ചുണ്ടാവില്ല, പക്ഷെ ദൈർഘ്യമെത്രമേൽ ഉണ്ട് ഓർമകളുടെയും അനുഭവങ്ങളുടെയും. മനുഷ്യ സംബന്ധമായ യാതൊന്നും എനിക്ക് അന്യമല്ല എന്നെഴുതിയ മാർക്സിയൻ അനുഭവത്തിന്റെ കോൺഗ്രസ് മുഖമായിരുന്നു അങ്ങ്. അഞ്ച് പതിറ്റാണ്ട് കാലം നീണ്ട് നിന്ന ജന പ്രാതിനിധ്യത്തിന്റെ വിസ്മയകരമായ അനുഭവ സമ്പത്തിന്റെ ഉടമ. യോജിപ്പുകളുടെയും വിയോജിപ്പുകളുടെയും തലങ്ങളുള്ളപ്പോഴും ഇത്രേമേൽ വിപുലമായ അനുഭവലോകത്തെ മനുഷ്യ സമുദായത്തിനാകെ ബഹുമാനത്തോടെ മാത്രമേ അഭിസംബോധന കഴിയൂ. പുതുപ്പള്ളി വഴി കേരള രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം നയിച്ച അങ്ങേയ്ക്ക് ആദരവോടെ വിട’, ജെയ്ക്ക് കുറിച്ചു.
ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കൽപിക്കാതെ ആരോഗ്യം പോലും നോക്കാതെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വ്യാപരിക്കുന്ന പ്രകൃതക്കാരനായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് പിണറായി വിജയൻ പറയുന്നു. പൊതുപ്രവർത്തനത്തോടുള്ള ഉമ്മൻ ചാണ്ടിയുടെ ആത്മാർത്ഥത പുതുതലമുറയ്ക്കടക്കം മാതൃകയാണെന്നും കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നികത്താനാവാത്ത വിടവ് സൃഷ്ടിച്ചാണ് ഉമ്മൻ ചാണ്ടി വിടവാങ്ങുന്നതെന്നും മുഖ്യമന്ത്രി ഓർമിപ്പിക്കുന്നു.
Post Your Comments