ബംഗളൂരു: ഇന്ത്യയുടെ അഭിമാന ചന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3ന്റെ പ്രയാണം വിജയകരമായി തുടരുന്നു. പേടകത്തിന്റെ ഭ്രമണപഥം രണ്ടാമതും ഉയര്‍ത്തി ഐഎസ്ആര്‍ഒ. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ചാണ് ചന്ദ്രയാന്റെ ഭ്രമണപഥമുയര്‍ത്തുന്നത്.പേടകം ഇപ്പോള്‍ 41603 കെഎം X 226 കെഎം ഭ്രമണപഥത്തിലാണ് ഉള്ളത് എന്ന് നാഷ്ണല്‍ സ്‌പേസ് ഏജന്‍സി വ്യക്തമാക്കി. ചൊവ്വാഴ്ച രണ്ട് മണിക്കും മൂന്നു മണിക്കും ഇടയിലായിരിക്കും ഇനി അടുത്ത ഭ്രമണപഥം ഉയര്‍ത്തല്‍.
പല ഘട്ടങ്ങളിലായി 4 ലക്ഷം കിലോമീറ്റര്‍ വരെ എത്തിച്ച ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പേടകം കടക്കും. ജൂലൈ 31 നും ഓഗസ്റ്റ് ഒന്നിനും ഇടയില്‍ ഇത് സാധ്യമാകുമെന്നാണ് ഐഎസ്ആർഒ കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. ഓഗസ്റ്റ് 17ന് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്നു ലാന്‍ഡര്‍ വേര്‍പെടും. ഓഗസ്റ്റ് 23ന് വൈകിട്ട് 5.47ന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുമെന്നാണ് പ്രതീക്ഷ. ചന്ദ്രോപരിതലത്തിലിറങ്ങുന്ന ലാന്‍ഡറില്‍ നിന്ന് റോവര്‍ പുറത്തിറങ്ങും.
ദൗത്യം വിജയകരമായാല്‍ ചന്ദ്രന്റെ ഇതുവരെ പര്യവേക്ഷണം ചെയ്യാത്ത ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.35നാണ് ചന്ദ്രയാന്‍ 3നെയും വഹിച്ചുകൊണ്ട് എല്‍വിഎം3 എം4 റോക്കറ്റ് ശ്രീഹരിക്കോട്ടയില്‍ നിന്ന് പറന്നുയര്‍ന്നത്.
Post Your Comments