കൊച്ചി: കെ.എസ്.ആർ.ടി.സിയെ തകർക്കുന്നത് യൂണിയനുകളല്ലെന്നും ചില ജീവനക്കാരാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും ആരോപിച്ച് സി.എം.ഡി ബിജു പ്രഭാകര്‍ രംഗത്ത്. കെ.എസ്.ആർ.ടി.സിയിൽ നിലവിൽ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ താൻ ഉണ്ടാക്കിയതല്ലെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം പറയുന്നു. ഇപ്പോള്‍ നന്നായില്ലെങ്കില്‍ ഇനി ഒരിക്കലും കെ.എസ്.ആർ.ടി.സി നന്നാകില്ലെന്നും ബിജു പറയുന്നുണ്ട്.
ഈ സ്ഥാപനത്തോടുള്ള താല്‍പര്യം കാരണം അഞ്ച് വര്‍ഷത്തെ പദ്ധതിയുമായാണ് താന്‍ വന്നത്. കോവിഡ് പ്രതിസന്ധിയിലും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കൃത്യമായി നല്‍കിയിരുന്നു. കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ നഷ്ടത്തിനും സര്‍ക്കാര്‍ പണം നല്‍കണമെന്ന് പറയാനാകില്ലെന്നും അദ്ദേഹം പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.
‘നല്ല രീതിയില്‍ സ്ഥാപനത്തെ കൊണ്ടുപോയാല്‍ ചിലരുടെ അജണ്ട നടക്കില്ല എന്നതിനാല്‍ സ്ഥാപനത്തെയും എം.ഡിയെയും തകര്‍ക്കാനാണ് ശ്രമം. ചിലര്‍ എന്തും പറയാം എന്ന തലത്തിലേക്ക് എത്തി. യൂണിയനുകളല്ല, ചില ജീവനക്കാരാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. കെ.എസ്.ആര്‍.ടി.സി എന്തുവന്നാലും നന്നാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. സ്ഥാപനം നിലനില്‍ക്കണമെങ്കില്‍ കൂട്ടായി പ്രവര്‍ത്തിക്കണം.
പൈസ കൈയില്‍ വെച്ച് ശമ്പളം നല്‍കാത്തതല്ല എന്ന് എല്ലാവരും മനസ്സിലാക്കണം. തെറ്റിദ്ധരിച്ച് വിമര്‍ശിക്കരുത്. ഡീസലടിച്ചാലേ വണ്ടി ഓടൂ. വണ്ടി ഓടിയാലേ ശമ്പളം കൊടുക്കാന്‍ പൈസ കിട്ടൂ. ഡിഡി നേരത്തെ കൊടുത്താലേ ഡീസല്‍ കിട്ടൂ. 200 കോടിരൂപ പ്രതിമാസ വരുമാനമുണ്ടെങ്കില്‍ 100 കോടിരൂപ ഡീസലിനുപോകും. ബാങ്കുകളിലെ ലോണ്‍ തിരിച്ചടവ് 30 കോടിരൂപയാണ്. 5 കോടിരൂപ ബാറ്റയ്ക്കായി പോകും. സ്‌പെയര്‍പാട്‌സും മറ്റു ചെലവുകളും ചേര്‍ത്ത് 25 കോടിരൂപ വേണം. 40 കോടിരൂപയാണ് പിന്നെ ശേഷിക്കുന്നത്. ശമ്പളം കൊടുക്കാന്‍ പ്രതിമാസം 91.92 കോടിരൂപ വേണം. സര്‍ക്കാര്‍ സഹായമായി ബാക്കി തുക ലഭിച്ചാലേ മുന്നോട്ടു പോകാന്‍ കഴിയൂ’, അദേഹം വ്യക്തമാക്കി.
Post Your Comments