ബെംഗളൂരു: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും ജെഡിഎസും സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തമായി. ജെഡി (എസ്) എൻഡിഎയില്‍ ചേരുന്നത് സംബന്ധിച്ച് ഇരുപാര്‍ട്ടികളും ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് കര്‍ണാടക മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
‘ഞങ്ങളുടെ ഹൈക്കമാൻഡും മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയും തമ്മിലുള്ള ചര്‍ച്ചയാണിത്. നേരത്തെ മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി തന്റെ വികാരം പ്രകടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കും, അടുത്ത തീരുമാനങ്ങള്‍ യോഗത്തിന്റെ ഫലത്തെ ആശ്രയിച്ചിരിക്കും’, ബെംഗ്ളൂറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ബൊമ്മൈ പറഞ്ഞു.
ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും ഇരു പാര്‍ട്ടികളിലെയും മുതിര്‍ന്ന നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ സാധ്യത ഉയര്‍ത്തിയിരുന്നു. ഭാവിയില്‍ രണ്ട് പാര്‍ട്ടികളും ഒരുമിച്ച് പോരാടാൻ ആഗ്രഹിക്കുന്നുവെന്ന് മറ്റ് രണ്ട് മുൻ മുഖ്യമന്ത്രിമാരായ എച്ച്‌ഡി കുമാരസ്വാമിയും ബിഎസ് യെദിയൂരപ്പയും പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ബസവരാജ് ബൊമ്മൈയുടെ ഈ പരാമര്‍ശം.
തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി എച്ച്‌ഡി കുമാരസ്വാമി ന്യൂഡല്‍ഹിയിലേക്ക് പോകുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയില്‍ ചേരാൻ ജെഡി (എസ്) പാര്‍ട്ടി ഏറെക്കുറെ തീരുമാനമെടുത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ തന്റെ പാര്‍ട്ടിയും ജെഡിഎസും ഒരുമിച്ച് പോരാടുമെന്ന് ബിജെപി മുതിര്‍ന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ പറഞ്ഞിരുന്നു. സാഹചര്യം വരുമ്പോള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കുമാരസ്വാമിയും വ്യക്തമാക്കിയിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ആകെയുള്ള 28 സീറ്റുകളില്‍ 25 എണ്ണവും ബിജെപി തൂത്തുവാരിയപ്പോള്‍ പാര്‍ട്ടി പിന്തുണച്ച ഒരു സ്വതന്ത്രനും വിജയിച്ചു.
കോണ്‍ഗ്രസും ജെഡിഎസും ഓരോ സീറ്റ് വീതം നേടി. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പുറത്താക്കി കോണ്‍ഗ്രസ് അധികാരത്തിലേറിയിരുന്നു. ഈ സാഹചര്യത്തില്‍ 2019 ലെ ഫലം ബിജെപിക്ക് ആവര്‍ത്തിക്കാനാവില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ജെഡിഎസിനെ ഒപ്പം കൂട്ടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
അതേസമയം, ജെഡിഎസ് കേരളത്തില്‍ നിലവില്‍ എല്‍ഡിഎഫിന് ഒപ്പമാണ്. രണ്ട് എംഎല്‍എമാരുള്ള പാര്‍ട്ടിക്ക് ഒരു മന്ത്രിയുമുണ്ട്. നേരത്തെ കര്‍ണാടക ജെഡിഎസ് ബിജെപിയുമായി കൂട്ടുകൂടിയപ്പോള്‍ അവരില്‍ നിന്ന് വേറിട്ട് നിന്നതുപോലെയുള്ള നിലപാട് ആയിരിക്കും ഇത്തവണയും എടുക്കുകയെന്നാണ് സൂചന.
Post Your Comments