തിരുവനന്തപുരം: കേരളത്തിന്റെ വികസന ചെലവുകളെയും പശ്ചാത്തല സൗകര്യ വികസന പരിപാടികളെയും സാമ്പത്തിക ഞെരുക്കത്തിലാക്കുന്ന നടപടിയായ വായ്പാ പരിധി വെട്ടിച്ചുരുക്കിലിൽ നിന്നും കേന്ദ്ര ധനമന്ത്രാലയം പിന്തിരിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനായി കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെന്റിൽ ശബ്ദമുയർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജൂലൈ 20ന് ആരംഭിക്കുന്ന പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
Read Also: പന്ത്രണ്ടുകാരനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: യുവാവിന് 43 വർഷം കഠിനതടവും പിഴയും
ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടുന്നത് സംബന്ധിച്ച് അനുകൂലമായ തീരുമാനങ്ങൾ ഇതുവരെ ജിഎസ്ടി കൗൺസിൽ സ്വീകരിച്ചിട്ടില്ല. ഇക്കാര്യങ്ങളിൽ സംസ്ഥാനത്തിനുള്ള വിഹിതം കിട്ടാൻ ഒരുമിച്ച് നിൽക്കുമെന്ന് എംപിമാർ പറഞ്ഞു. സംസ്ഥാന വിഷയങ്ങളിൽ കേന്ദ്രം നടത്തുന്ന നിയമനിർമ്മാണ നടപടികളെ പാർലമെന്റിൽ ശക്തമായി എതിർക്കണം. 2023 ആഗസ്ത് 15 മുതൽ സെപ്തബർ 15 വരെ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാനക്കൂലിയിൽ അമിതമായ വർദ്ധന ഉണ്ടായിട്ടുണ്ട്. ഓണക്കാലത്ത് കേരളത്തിലേക്ക് വരുന്ന പ്രവാസികൾക്ക് ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ഈ വിഷയം കേന്ദ്രവ്യോമയാന മന്ത്രിക്ക് അയച്ച കത്തിൽ എടുത്ത് പറഞ്ഞിട്ടുണ്ട്. യാത്ര സുഗമമാക്കാൻ ചട്ടങ്ങൾക്ക് അനുസൃതമായി ചാർട്ടേഡ് വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യാനുള്ള സംസ്ഥാനത്തിന്റെ ആവശ്യത്തിൻമേൽ അനുമതി ലഭ്യമാക്കാൻ കേന്ദ്രസർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തണം. കണ്ണൂർ എയർപോർട്ടിൽ നിന്ന് വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താനുള്ള പോയിന്റ് ഓഫ് കോൾ അംഗീകാരം ലഭ്യമാക്കാനാവണം. കോഴിക്കോട് വിമാനത്താവള വികസനത്തിനുള്ള ഭൂമി ഒരു മാസത്തിനകം ഏറ്റെടുത്ത് നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
റെയിൽവേ ട്രാക്കിന് കുറുകെ ഇഎച്ച്ടി ലൈനുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട അനുമതി ലഭിക്കേണ്ടതുണ്ട്. തലശ്ശേരി – മൈസൂർ, നിലമ്പൂർ – നഞ്ചങ്കോട് റെയിൽ പദ്ധതികളുടെ പുതുക്കിയ അലൈൻമെൻറിൽ വിശദമായ സർവ്വേ നടത്തി ഡിപിആർ തയ്യറാക്കുന്നതിന് കർണ്ണാടക സർക്കാരിൽ നിന്നും അനുമതി ലഭ്യമാകാനുണ്ട്. അത് വേഗത്തിലാക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യമാണ്. ഇക്കാര്യം പാർലമെന്റിൽ ഉന്നയിക്കേണ്ടതുണ്ട്. അങ്കമാലി – ശബരി റെയിൽപദ്ധതിയുടെ എസ്റ്റിമേറ്റ്, ഡിപിആർ എന്നിവ അംഗീകരിക്കുന്നതിനും മതിയായ തുക അനുവദിക്കുന്നതിനും ശക്തമായ ഇടപെടൽ നടത്തണം. കാഞ്ഞങ്ങാട് – കാണിയൂർ റെയിൽ പാതയുടെ കാര്യത്തിലും ഇടപെടൽ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments