ന്യൂഡൽഹി: 1981ൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോഴാണ് താൻ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതെന്ന് മാധ്യമപ്രവർത്തക ഷീല ഭട്ട് പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കോൺഗ്രസും പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ ഇക്കാര്യം പറയുന്നതെന്നും മുതിർന്ന മാധ്യമപ്രവർത്തക വ്യക്തമാക്കി.
വാർത്താ ഏജൻസിയായ എഎൻഐയുടെ എഡിറ്റർ സ്മിത പ്രകാശിന് നൽകിയ അഭിമുഖത്തിൽ ആണ് ഷീല ഭട്ടിന്റെ പ്രതികരണം. ‘1981 ൽ എംഎ രണ്ടാം വർഷം പഠിക്കുമ്പോഴാണ് ഞാൻ മോദിയെ ആദ്യമായി കാണുന്നത്. എന്റെ ഗുരുനാഥൻ പ്രൊഫ പ്രവീൺ ഷേത്ത് ആയിരുന്നു അദ്ദേഹത്തിന്റെയും ഗുരുനാഥൻ. മോദി പഠനത്തിൽ മിടുക്കനായിരുന്നു’ എന്നും ഷീല ഭട്ട് പറഞ്ഞു.
‘ഇപ്പോൾ അഭിഭാഷകയായ അദ്ദേഹത്തിന്റെ സഹപാഠികളിൽ ഒരാളെ ഞാൻ ഓർക്കുന്നു. കുറച്ച് കാലം മുമ്പ് അരവിന്ദ് കെജ്‌രിവാളും കോൺഗ്രസും പ്രധാനമന്ത്രി മോദിയെ നിരക്ഷരനെന്ന് വിളിച്ച് ട്വിറ്ററിൽ ധാരാളം പോസ്റ്റുകൾ ഇട്ടിരുന്നു. അപ്പോൾ ഞാൻ അവളോട് പ്രതികരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അവൾ മിണ്ടിയില്ല.’- ഷീല ഭട്ട് കൂട്ടിച്ചേർത്തു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ തനിക്ക് നൽകണമെന്ന് അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടിരുന്നു. പിന്നീട് കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഗുജറാത്ത് സർവകലാശാലയോടുള്ള നിർദ്ദേശം കോടതി റദ്ദാക്കിയിരുന്നു. എന്നാൽ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ കഴിഞ്ഞ മാസം ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പ്രധാനമന്ത്രി മോദിയുടെ ബിരുദം ഓൺലൈനിൽ ലഭ്യമാണെന്ന് ഗുജറാത്ത് സർവകലാശാല അവകാശപെട്ടിരുന്നു. എന്നാൽ സർവകലാശാലയുടെ വെബ്‌സൈറ്റിൽ അത്തരമൊരു ബിരുദം ലഭ്യമല്ലെന്നാണ് അരവിന്ദ് കെജ്‌രിവാളിന്റെ വാദം
Post Your Comments