ന്യൂഡൽഹി: യമുന നദിയിൽ ജലനിരപ്പ് അപകടസൂചിക കടന്ന് 207.55 മീറ്ററായി ഉയർന്നു. ഇതോടെ പ്രളയഭീഷണി നേരിടുന്ന ഡൽഹിയിലെ പ്രദേശങ്ങളിൽ 144 പ്രഖ്യാപിച്ചു. 44 വർഷത്തിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ ജലനിരപ്പാണിത്.
അർധരാത്രിയോടെ ജലനിരപ്പ് ഉയർന്ന് 207.72 മീറ്ററെങ്കിലും കടന്നേക്കുമെന്ന് ഡൽഹി ജലസേചന-പ്രളയനിവാരണ വകുപ്പ് അറിയിച്ചു. പ്രളയസാധ്യത നിലനിൽക്കുന്നതിനാൽ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചു കഴിഞ്ഞതായും യമുനാ തീരത്തു നിന്ന് പരമാവധി ആളുകളെ ഇതിനകം മാറ്റിപാർപ്പിച്ചതായും ഡൽഹി പൊതുമരാമത്ത് മന്ത്രി അതിഷി മർലേന അറിയിച്ചു.
പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ളവരെ നഗരത്തിന്റെ പല ഭാഗങ്ങളിലായി ക്രമീകരിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്കും സാമൂഹിക കേന്ദ്രങ്ങളിലേക്കും മാറ്റും. പ്രളയസാധ്യതാ പ്രദേശങ്ങൾ നിരീക്ഷിക്കുന്നതിനായി 16 കൺട്രോൾ റൂമുകൾ ഡൽഹി സർക്കാർ തുറന്നു. വെള്ളക്കെട്ടുൾപ്പടെയുള്ള പ്രശ്നങ്ങൾ ദ്രുതഗതിയിൽ പരിഹരിക്കുമെന്നും അതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ വ്യക്തമാക്കി.
Post Your Comments