തിരുവനന്തപുരം: മെഡിസിൻ ഹോം ഡെലിവറി എന്ന വ്യാജേന മയക്കുമരുന്ന് വിതരണം നടത്തിയ യുവാവ് കൊച്ചിയിൽ പിടിയിലായി. വൈപ്പിൻ എടവനക്കാട് അണിയിൽ ജെൻസൺ ബെർണാഡ് (ആംബ്രോസ് ) ആണ് എക്‌സൈസ് പിടിയിലായത്.
Read Also: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
ഡെപ്യൂട്ടി കമ്മീഷണറുടെ സ്‌പെഷ്യൽ ആക്ഷൻ ടീം, ഞാറക്കൽ എക്‌സൈസ് എന്നിവരുടെ സംയുക്ത നീക്കത്തിൽ ഇയാളുടെ വൈപ്പിൻ അണിയലിലുള്ള താമസ സ്ഥലത്ത് നിന്ന് 1.16 ഗ്രാം എംഡിഎംഎ, 7.45 ഗ്രാം ചരസ്, 3.36 ഗ്രാം ഹാഷിഷ് ഓയിൽ, 11 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. മയക്കുമരുന്നുകൾ തൂക്കി നോക്കാൻ ഉപയോഗിച്ചിരുന്ന ഇലട്രോണിക് ബാലൻസും എക്‌സൈസ് കസ്റ്റഡിയിൽ എടുത്തു.
മുബൈയിൽ നിന്ന് മയക്കുമരുന്നുകൾ കടത്തിക്കൊണ്ട് വന്ന് വൈപ്പിൻ പരിസരങ്ങളിൽ വിൽപ്പന നടത്തുന്ന ആളെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ട് നേരത്തെ തന്നെ ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ അത് ജെൻസൻ ആണെന്ന് എക്‌സൈസ് സ്ഥിതീകരിച്ചു. താമസസ്ഥലത്ത് നായയെ അഴിച്ചു വിട്ടിരുന്നതിനാൽ എക്‌സൈസ് സംഘത്തിന് ഇയാളുടെ സ്ഥലത്തു പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല.
പകൽ സമയം മുഴുവൻ വീടിനുള്ളിൽ കഴിയുന്ന ഇയാൾ ഓൺലൈനായി പണം വാങ്ങി ആവശ്യക്കാർക്ക് രാത്രിയിൽ മയക്കുമരുന്ന് വിതരണം നടത്തുകയായിരുന്നു ചെയ്തിരുന്നത്. ഒടുവിൽ വെള്ള കെട്ട് ബാധിത പ്രദേശങ്ങളെക്കുറിച്ചുള്ള വിവരം തിരക്കാൻ എത്തിയ ഉദ്യോഗസ്ഥർ എന്ന വ്യാജേന ഇയാളെ സമീപിച്ച ഷാഡോ സംഘം ഇയാളോട് പട്ടിയെ കെട്ടി ഇടാൻ അഭ്യർത്ഥിച്ചു. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ഇയാൾ പട്ടിയെ കൂട്ടിലാക്കി. ഈ തക്കം നോക്കി എക്‌സൈസ് സംഘം ഇയാളെ തടഞ്ഞ് വച്ച് ജനപ്രതിനിധികൾ അടക്കമുള്ള നാട്ടുകാരുടെ സാന്നിധ്യത്തിൽ ഇയാളുടെ താമസസ്ഥലം പരിശോധിച്ചു മയക്കുമരുന്നുകൾ കണ്ടെടുക്കുകയായിരുന്നു.
Post Your Comments