പാരിസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ റാഫേല്‍ നാവിക വിമാനങ്ങള്‍ക്കായി ഇന്ത്യ കരാര്‍ ഒപ്പിടുമെന്ന് റിപ്പോര്‍ട്ട്. ഫ്രാന്‍സില്‍ നിന്ന് 26 റാഫേല്‍ എം നേവല്‍ ജെറ്റുകളും മൂന്ന് അധിക സ്കോര്‍പീന്‍ അന്തര്‍വാഹിനികളും വാങ്ങാനുള്ള കരാറാണ് ഇത്. ജൂലൈ 14 നും 16 നും ഇടയിലാണ് മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനം.
Read Also: മൺചട്ടിയിൽ കഞ്ചാവ് ചെടി നട്ടു വളർത്തി: യുവാവ് അറസ്റ്റിൽ
ഏകദേശം 90,000 കോടി രൂപയുടെ ഇടപാടുകളില്‍ 22 സിംഗിള്‍ സീറ്ററും നാല് ഡബിള്‍ സീറ്റര്‍ ട്രെയിനര്‍ പതിപ്പും അടങ്ങുന്ന 26 റാഫേല്‍ എം വിമാനങ്ങള്‍ ഉള്‍പ്പെടും. പ്രോജക്ട് 75 ന് കീഴിലുള്ള സ്കോര്‍പീന്‍ ഇടപാടിന്റെ ഭാഗമായിരിക്കും മൂന്ന് അധിക അന്തര്‍വാഹിനികള്‍ എന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ നാവികസേനയുടെ വിമാനവാഹിനിക്കപ്പലുകളില്‍ വിന്യസിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് റാഫേല്‍ വിമാനങ്ങള്‍.
ഇന്ത്യന്‍ നാവികസേനയ്ക്ക് വിമാനങ്ങളുടെയും അന്തര്‍വാഹിനികളുടെയും ക്ഷാമം നേരിടുന്നുണ്ട്. നിലവില്‍ മിഗ്-29 ഉപയോഗിക്കുന്ന ഐഎന്‍എസ് വിക്രാന്ത്, ഐഎന്‍എസ് വിക്രമാദിത്യ എന്നിവയില്‍ ഇന്ത്യന്‍ നാവികസേന ഈ വിമാനങ്ങള്‍ ഉപയോഗിക്കും.
ജൂലൈ 14ന് പാരീസില്‍ നടക്കുന്ന ബാസ്റ്റില്‍ ഡേ പരേഡില്‍ മുഖ്യാതിഥിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തുന്നത്. അദ്ദേഹത്തോടൊപ്പം ഇന്ത്യന്‍ സൈന്യത്തിന്റെ പഞ്ചാബ് റെജിമെന്റിലെ സൈനികര്‍ ഉള്‍പ്പെടെ ഇന്ത്യന്‍ സൈന്യത്തിന്റെ ഒരു സംഘം പരേഡില്‍ പങ്കെടുക്കും.
Post Your Comments