കാശ്മീരിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അമർനാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു. തുടർച്ചയായ മൂന്നാം ദിനമാണ് കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് യാത്ര നിർത്തിവയ്ക്കുന്നത്. കനത്ത മഴയെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാത ഉൾപ്പെടെയുള്ള റോഡുകൾ തകർന്നിട്ടുണ്ട്. നിലവിൽ, ദേശീയപാതയിലെ തകർന്ന ഭാഗങ്ങൾ മാറ്റിയശേഷം ഗതാഗത യോഗ്യമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തീർത്ഥാടകരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നത് താൽക്കാലികമായി തടഞ്ഞത്.
സമാനമായ രീതിയിൽ വെള്ളിയാഴ്ചയും ക്ഷേത്രത്തിലേക്കുള്ള പ്രവേശനം നിർത്തിവച്ചിരുന്നു. എന്നാൽ, കാലാവസ്ഥയിൽ പുരോഗതി ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ യാത്ര വീണ്ടും പുനരാരംഭിക്കുകയായിരുന്നു. പഹൽഗാം റൂട്ടിലൂടെയാണ് യാത്ര പുനരാരംഭിച്ചത്. യാത്ര ആരംഭിച്ച് ഇതുവരെ 90,000 തീർത്ഥാടകർ ക്ഷേത്രദർശനം നടത്തിയിട്ടുണ്ട്. ശ്രീനഗറിൽ നിന്ന് 136 കിലോമീറ്റർ വടക്കുകിഴക്ക് ഭാഗത്തായി സമുദ്രനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിലാണ് പ്രസിദ്ധമായ അമർനാഥ് തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
Post Your Comments