KeralaLatest News

കൈകോർക്കാം നിശബ്ദ ലോകത്തിൽ നിന്ന് കരകയറാൻ

സംഗീതത്തിന്റെയും ശബ്ദ പ്രതിഭാസങ്ങളുടെയും ഈ ലോകത്ത് നിശബ്ദതയിൽ ജീവിക്കുന്ന നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. ജന്മനാ അല്ലെങ്കിൽ സ്ട്രോക്ക് ഉൾപ്പെടെയുള്ള ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങളിലൂടെയോ അപകടങ്ങളിലൂടെയോ കേൾവിശക്തി നഷ്ടപ്പെട്ടവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും മാനസിക സങ്കർഷങ്ങളും പലപ്പോഴും പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ പെടാറില്ല. ചെവിയിലെ കോക്ലിയ എന്ന അവയവത്തിനു വരുന്ന കേടുപാടുകൾ മൂലം കേൾവിശക്തി നഷ്ടപ്പെട്ടവർക്ക് കൃത്രിമ കോക്ലിയ, ശസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിച്ച് കേൾവി ശക്തി വീണ്ടെടുക്കാവുന്നതാണ്. ഇത്തരത്തിൽ കോക്ലിയാർ ഇംപ്ലാന്റഷൻ ശസ്ത്രക്രിയയിലൂടെ കേൾവി ശക്തി വീണ്ടെടുത്ത 2500 പേരാണ് കേരളത്തിൽ ഉള്ളത്.

ജന്മനാ കേൾവി ശക്തി നഷ്ട്ടപ്പെട്ട കുട്ടികൾ ഉൾപ്പെടെയുള്ള ഈ ഒരു സമൂഹത്തിനു ഏകീകൃതമായൊരു നേതൃത്വം നൽകുകയാണ് കോക്ലിയാർ ഇംപ്ലാന്റഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി എന്ന സംഘടന. കോക്ലിയാർ ഇംപ്ലാന്റഷൻ ശസ്ത്രക്രീയയിലൂടെ കേൾവി ശക്തി വീണ്ടെടുത്ത് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്ന കുട്ടികളുടെ രക്ഷിതാക്കളായ നവാസും, നജ്മുധീനമുൾപ്പെടെയുള്ള ഒരു സംഘമാണ് ഈ ഒരു കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം സ്പീച്ച് തെറാപ്പി ഉൾപ്പെടെ കൃത്യമായ പരിശീലനത്തിലൂടെ ഈ ഒരു അംഗ പരിമിതിയെ പൂർണ്ണമായും മറികടക്കാനാകും.

നിലവിൽ ശാസ്ത്രക്രിയയുടെയും മറ്റു അനുബന്ധ ചികിത്സയുടെയും സാമ്പത്തിക ഭാരമാണ് ഏറ്റവും വലിയ പ്രതിസന്ധി. 8 ലക്ഷത്തോളം രൂപയുടെ ശസ്ത്രക്രിയ ചിലവും കൂടാതെ പ്രതിവർഷം വരുന്ന മറ്റു ചിലവുകളുമുൾപ്പെടെയുള്ള സാമ്പത്തിക ബാദ്ധ്യതയാണ് ആകെയുള്ള വെല്ലുവിളി. രണ്ട് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സ ചിലവുകൾ സൗജന്യമാണെങ്കിലും കൂടുതൽ പേരിലേക്ക് സർക്കാരിന്റെ സഹായ പദ്ധതികൾ എത്തണമെന്നാണ് ഭൂരിഭാഗം പേരുടെയും ആവശ്യം. കൂടാതെ ശസ്ത്രക്രിയയ്ക്ക് ശേഷം സ്പീച്ച് തെറാപ്പി നൽകുന്നതിനായുള്ള മികച്ച പരിശീലനം ലഭ്യമാകുന്ന ഓഡിറ്ററി വെർബൽ തെറാപ്പി സെന്ററുകളും അത്യന്താപേക്ഷിതമാണ്.

ശാരീരിക പരിമിതികളെ ശാസ്ത്രക്രിയയിലൂടെയും പരിശീലനത്തിലൂടെയും മറികടന്ന് സാധാരണ ലോകത്തിൽ ജീവിക്കാനുള്ള അവസരമാണ് കോക്ലിയാർ ഇംപ്ലാന്റഷൻ ശസ്ത്രക്രിയയിലൂടെ ലഭിക്കുന്നത്. കോക്ലിയാർ ഇംപ്ലാന്റഷൻ ശസ്ത്രക്രിയയ്ക്ക് ശേഷം പഠനം തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്സിന് പഠിക്കുന്ന റിസ്‌വാന ഉൾപ്പെടെയുള്ള കുട്ടികൾ കേൾവി പരിമിതി നേരിടുന്നവർക്ക് വലിയൊരു പ്രതീക്ഷയാണ് മുന്നോട്ടു വയ്ക്കുന്നത്.

കേരളത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരു ജനത ഉണ്ടെന്നും അവർക്ക് ഈ ശാസ്ത്രക്രിയയേയും അനുബന്ധ പ്രവർത്തനങ്ങളേയും സംബന്ധിച്ച അവബോധം സൃഷ്ടിക്കാനും അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ സഹായിക്കാനുമാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് സംഘടനയിലെ അംഗങ്ങൾ പറഞ്ഞു. തിരുവനന്തപുരം മാജിക് പ്ലാനെറ്റിൽ നടക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ സമ്പൂർണ്ണ ഉന്നമനം ലക്ഷ്യമാക്കി സംഘടിപ്പിച്ച ത്രിദിന ശിൽപ്പശാലയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കോക്ലിയാർ ഇംപ്ലാന്റഷൻ അസോസിയേഷനിലെ പ്രവർത്തകർ.

shortlink

Post Your Comments


Back to top button